കിണറിലെ വെള്ളം കേടാകുന്നു മുക്കാല ചുള്ളിയിലെ ജനങ്ങൾ ദുരിതത്തിൽ

മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിലെ ചുള്ളിയിൽ പ്രദേശത്തുകാർക്ക് വേനൽ എത്തെരുതെന്ന പ്രാർഥനയാണ്. വേനലായാൽ വീടിന് മുറ്റത്തെ കിണറുകളിലെ വെള്ളം മഞ്ഞനിറത്തിലേക്കു മാറും. നിറംമാറ്റം സംഭവിച്ച വെള്ളത്തിന്റെ രുചിയിലും വ്യത്യാസമുണ്ടാകും.
കുടിക്കാൻ പോയിട്ട് കുളിക്കാനോ വസ്‌ത്രങ്ങൾ അലക്കുന്നതിനോ കഴിയാത്ത ദുരവസ്ഥയിലാണ് ഈ പ്രദേശത്തുകാർ. മുപ്പതോളം കുടുംബങ്ങളാണ് വർഷങ്ങളായി ഈ പ്രശ്നം അനുഭവിക്കുന്നത്.
കിണറുകളിൽ നിറയെ വെള്ളമുണ്ടായിട്ടും ഒരു ഉപയോഗത്തിനും എടുക്കാനാകാത്തതിന്റെ പ്രയാസം വലുതാണെന്ന് പ്രദേശവാസിയായ പട്ടത്തേൽ നദീറ പറഞ്ഞു. വാർധക്യസഹജമായ അസുഖംമൂലം കിടപ്പിലായ ഇളയേടത്ത് ആമിനയെ ദിവസവും കുളിപ്പിച്ചു വൃത്തിയാക്കുന്നതിനുപോലും കഴിയാത്തതിന്റെ വേദന മകൻ കുഞ്ഞിമോനും പങ്കുവെച്ചു.
ചുള്ളിയിൽ പ്രദേശത്തുകൂടി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌ലൈൻ പോകുന്നുണ്ടെങ്കിലും വേനൽക്കാലത്തെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാനായി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.
കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് നേതാക്കളായ ആസാദ് ഇളയേടത്ത്, മജീദ് ഇല്ലത്തേൽ എന്നിവർ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽനിന്ന് പരിഹാരമുണ്ടായില്ലെങ്കിൽ പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിഹാരം കാണുമെന്ന് ഇരുവരും പറഞ്ഞു.
നിലവിൽ മാറഞ്ചേരി സഹകരണ ബാങ്കും ഗ്രാമപ്പഞ്ചായത്തും വാഹനത്തിലൂടെ എത്തിക്കുന്ന നാമമാത്രമായ വെള്ളം പാത്രങ്ങളിൽ പിടിച്ചുവെച്ചാണ് കുടിക്കാനും മറ്റാവശ്യങ്ങൾക്കും ഇവിടത്തുകാർ ഉപയോഗിക്കുന്നത്.
