കളിക്കുന്നതിനിടെ വാതില്‍ പൂട്ടിനുള്ളില്‍ മൂന്ന് വയസുകാരന്‍റെ കൈ കുടുങ്ങി;രക്ഷകരായി അഗ്‌നിരക്ഷാ സേന


മലപ്പുറം: വാതിലില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കൈവിരല്‍ വാതില്‍ പൂട്ടിടുന്ന ദ്വാരത്തില്‍ കുടുങ്ങിയ കുഞ്ഞിന് ഒടുവില്‍ രക്ഷകരായത് മലപ്പുറം അഗ്‌നിരക്ഷാ സേന. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. മലപ്പുറം കുന്നുമ്മല്‍ സ്വദേശി മുട്ടെങ്ങാടന്‍ ശൈഖ് മുഹമ്മദിന്റെ മൂന്നര വയസ്സ് പ്രായമുള്ള ഇഹാന്റെ വലത് കൈയിലെ നടുവിരലാണ് വാതില്‍ പൂട്ടിനുള്ളില്‍ കുടുങ്ങിയത്.
വീട്ടുകാര്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും വിരല്‍ വേര്‍പ്പെടുത്താനായില്ല. തുടര്‍ന്ന് വാതിലിന്റെ ലോക്ക് ചെയ്യുന്ന ഭാഗം ഊരി മാറ്റി മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് കുട്ടിയുമായി വീട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ നൈലോണ്‍ നൂലുപയോഗിച്ച് പ്രത്യേക രീതിയില്‍ അനായാസം വാതില്‍ ലോക്കിന്റെ ഭാഗം ഊരി മാറ്റി.
സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സീനിയര്‍ ഫയര്‍ ഓഫീസര്‍ ലെനിന്‍, പ്രമോദ് കുമാര്‍, നിഷാന്ത്, ശഫീഖ്, മുഹമ്മദ് ഫാരിസ്, അഭിലാഷ് ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിരവധി ചെറിയ കുട്ടികളും കൗമാരക്കാരുമെല്ലാം കൈവിരലില്‍ മോതിരവും പാത്രങ്ങളടക്കമുള്ള മറ്റ് വസ്തുക്കളും കുടുങ്ങിയ നിലയില്‍ ദിനംപ്രതി ഫയര്‍ഫോളഴ്സിനെ ആശ്രയിക്കുന്നുണ്ട്.
