Local newsMALAPPURAM

കലക്കിയില്ല മഴ; ഇന്റർസോൺ കലോത്സവത്തിന് പടിയിറക്കം

തേഞ്ഞിപ്പലം ∙ കാറ്റും കോളും പ്രതീക്ഷിച്ച ഇന്റർസോൺ കലോത്സവത്തിന് ആശ്വാസത്തിന്റെ കുളിരോടെ പടിയിറക്കം. കാലം തെറ്റിയുള്ള കലോത്സവം സവിശേഷതകളുടെയും നേർക്കാഴ്ച. മഴയെ വല്ലാതെ പേടിച്ചെങ്കിലും കലോത്സവം കലക്കാൻ പാകത്തിൽ മഴ വന്നതേയില്ല. ഒറ്റപ്പെട്ട മഴ കലോത്സവത്തെ ഒരു നിലയ്ക്കും ബാധിച്ചതുമില്ല. വെയിൽ കാഠിന്യം കുറഞ്ഞതും രക്ഷ. 3 വർഷം മുടങ്ങിയ ശേഷം ഇക്കൊല്ലം കലോത്സവം നടത്തിയേ ഒക്കൂവെന്ന നിലവന്നപ്പോൾ മഴയത്ത് എങ്ങനെയെന്ന് ചോദ്യം ഉയർന്നതാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 5 ദിവസം നീണ്ട കലോത്സവം. കഴിഞ്ഞ വർഷത്തെ ഫൈനൽ ബിരുദ വിദ്യാർഥികൾ പഠിച്ചിറങ്ങി. പിജി ഫൈനൽ വിദ്യാർഥികൾ പലരും പരീക്ഷാച്ചൂടിൽ. ഇപ്പോഴെങ്കിലും കലോത്സവം നടത്തിയില്ലെങ്കിൽ അവർക്ക് അവസരം ലഭിക്കില്ലെന്നത് സംഘാടകർ മുഖവിലയ്ക്കെടുത്തത് നല്ല നീക്കമായി. ടിസി വാങ്ങിയാൽ ആ വിദ്യാർഥിക്ക് പിന്നെ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നതു കണക്കിലെടുത്താണ് മഴക്കാലത്തു തന്നെ കലോത്സവത്തിന് ബന്ധപ്പെട്ടവർ നിർബന്ധിതരായത്. 105 ഇനങ്ങളിലാണ് മത്സരം നടന്നത്. ബാൻഡ് മേളത്തിന് പാലക്കാട് ഗവ. വിക്ടോറിയ കോളജ് താരനിര മാത്രമാണ് പങ്കെടുത്തത്. പഴയൊരു കലോത്സവത്തിന്റെ രക്തപങ്കില ഓർമ ഉണർത്തി കലോത്സവ നഗരിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം പഴമക്കാരിൽ പലരിലും നൊമ്പരമുണർത്തി. ആർ.കെ. കൊച്ചനിയന്റെ ചിത്രമായിരുന്നു അത്. 15 വർഷം മുൻപ് തൃശൂരിൽ ഇന്റർസോൺ കലോത്സവ വേദിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവാണ് കൊച്ചനിയൻ. അക്കൊല്ലം കലോത്സവം മുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button