പൊന്നാനിയെ മൊഞ്ചുള്ള തീരമാക്കാൻ ടീം തിണ്ടീസ്;പൊന്നാനി തീരദേശത്ത് ടീം തിണ്ടീസിന്റെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വാദ്യോപകരണങ്ങൾ വായിക്കുന്ന കലാകാരന്മാർ

പൊന്നാനി: കടൽ തീരം സംരക്ഷണ ദൗത്യവുമായി ടീം തിണ്ടീസ്. വെറും ബോധവൽക്കരണമല്ല, ആദ്യ ചുവടെന്നോണം കടലോരത്തെ മാലിന്യമുക്തമാക്കി. വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.‘പൊന്നാനി തീരം മൊഞ്ചുള്ള തീരം’ പദ്ധതിയുടെ ഭാഗമായി കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വിപുലമായ പരിപാടികളും കൂട്ടായ്മ ആലോചിക്കുന്നു. കടലോരത്തെ വീടുകളിൽനിന്നുള്ള മാലിന്യം കടലിലേക്കു തള്ളുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായിരുന്നു വീടുകളിൽ കയറിയിറങ്ങി ബോധവൽക്കരണം നടത്തിയത്.
ബോധവൽക്കരണം കൂടുതൽ പേരെ ആകർഷിക്കാനായി പ്രദേശവാസികളുടെ ചിത്രം വരച്ചു നൽകി. സംഗീതോപകരണങ്ങളുമായി കലാകാരന്മാരും കൂടെ കൂടി. ചിത്രകാരൻ മണി, ശ്രീരാജ്, ആദിൽ എന്നിവരാണ് കലാപ്രകടനങ്ങൾ നയിച്ചത്. നഗരസഭാ ആരോഗ്യ വിഭാഗം, തീരദേശ പൊലീസ്, എൻസിസി എന്നിവരും ഒപ്പമുണ്ടായിരുന്നു. നഗരസഭാ ജെഎച്ച്ഐ മുഹമ്മദ് ഹുസൈൻ, തീരദേശ പൊലീസ് എസ്ഐ ആൽബർട്ട്, ടീം തിണ്ടീസ് പ്രവർത്തകരായ സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവർ നേതൃത്വം നൽകി.
