കയ്യും കാലും കെട്ടിയിട്ടു; കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തി; മുറിവില്‍ ലോഷന്‍ ഒഴിച്ച് ക്രൂരത; കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ് ദൃശ്യങ്ങൾ പുറത്ത്.

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർത്ഥി അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയിൽ അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഹോസ്റ്റലിൽ നിന്ന് മൂന്നാം വർഷ വിദ്യാർത്ഥികളെ ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സാമുവൽ ജോൺസൺ, എൻഎസ് ജീവ, ക പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പ്രിൻസിപ്പലിൻറെയും പരാതിയിലാണ് അറസ്റ്റ്. ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്. വിദ്യാർത്ഥികളെ ഇവർ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തി കോളേജ് പ്രിൻസിപ്പാൾ ഇവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
