കടയിൽ നിന്ന് സാരി മോഷ്ടിച്ച സ്ത്രീയെ ഒരുമാസത്തിനു ശേഷം പിടികൂടി


ഗുരുവായൂർ: സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം വീണ്ടും കടയിലെത്തിയപ്പോൾ സി.സി.ടി.ടി. ക്യാമറ പകർത്തിയ മുഖം ഓർത്തുവച്ച കടക്കാരൻ കൈയോടെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച രാത്രി ഗുരുവായൂർ കിഴക്കേനടയിലെ വസ്ത്രക്കടയിലാണ് സംഭവം.
തൃപ്രയാർ സ്വദേശിനിയാണ് ഭർത്താവിനൊപ്പം പിടിയിലായത്. കഴിഞ്ഞ മാസവും ഭർത്താവിനൊപ്പംതന്നെ കടയിൽ കയറിയാണ് ഇവർ മോഷണം നടത്തിയത്. ആ സമയം കടയിൽ ഒരു ജീവനക്കാരനേ ഉണ്ടായിരുന്നുള്ളൂ. ഇവർ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടത്.
അന്ന് പോലീസിൽ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലിൽ പകർത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോൾ സംശയം തോന്നിയ കടയുടമ മൊബൈലിൽ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തി.
ക്ഷേത്രനടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭർത്താവിനെയും കടയിൽ തടഞ്ഞുവെച്ചു.
അബദ്ധം പറ്റിയതാണെന്നു സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതോടെ കേസെടുക്കേണ്ടെന്നും മോഷ്ടിച്ച സാരിയുടെ പണം തിരിച്ചുകിട്ടിയാൽ മതിയെന്നും കടക്കാരൻ പോലീസിനോട് പറഞ്ഞു. പണം കൊടുക്കാമെന്ന ധാരണയിൽ സ്ത്രീയെയും ഭർത്താവിനെയും പറഞ്ഞുവിട്ടു.
