KERALA

ഒറ്റയടിക്ക് കൂടുന്നത് 130 രൂപ, ജവാന്റെ വിലയിലും വർദ്ധന; സംസ്ഥാനത്ത് മദ്യവിലയിൽ ഇന്ന് മുതൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മദ്യവിലയിൽ വർദ്ധനവുണ്ടാകും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർദ്ധിക്കും. മദ്യ നിർമ്മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. വിവിധ ബ്രാന്റുകൾക്ക് പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വില വർദ്ധിക്കുന്നത്. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യവില വർദ്ധിക്കുന്നത്.

സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിൽ മദ്യത്തിന്റെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനികൾ മുന്നോട്ടുവന്നിരുന്നു. ശരാശരി പത്ത് ശതമാനം വരെയാണ് വർദ്ധന. 62 കമ്പനികൾ പുറത്തിറക്കുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം 45 കമ്പനികളുടെ 107 ബ്രാൻഡുകളുടെ വില കുറയും. ബെവ്‌കോയുടെ നിയന്ത്രണത്തിൽ ഉത്പാദിക്കുന്ന ജവാൻ റമ്മിനും വില കൂടും. പത്ത് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 640 രൂപ നൽകിയ ജവാന് ഇന്ന് മുതൽ 650 രൂപ നൽകേണ്ടി വരും.

പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യ വിതരണം ചെയ്യുന്നത്. വിവിധ ബിയറുകൾക്ക് 20 രൂപ വരെ കൂട്ടിയിട്ടുണ്ട്. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡുകൾക്ക് 130 വരെ കൂട്ടിയിട്ടുണ്ട്. ഇതിനിടെ 16 പുതിയ കമ്പനികൾ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവർ 170 പുതിയ ബ്രാൻഡുകൾ ബെവ്‌കോയ്ക്ക് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button