KERALA

ഒമിക്രോൺ ആശങ്ക; മന്ത്രിസഭാ യോഗം ഇന്ന്, നിയന്ത്രണങ്ങൾ തുടരുന്നത് പരിഗണിക്കും.

സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപന സാഹചര്യം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും. ഒമിക്രോണ്‍ പടരാതിരിക്കാന്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്നത് യോഗത്തില്‍ ചര്‍ച്ചയാകും. പുതുവത്സര ദിനത്തിലടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരണമോ എന്ന കാര്യവും പരിഗണിക്കും. കുട്ടികളുടെ വാക്‌സിനേഷൻ ദിവസങ്ങൾക്കുള്ളിൽ തുടങ്ങുന്ന സാഹചര്യത്തില്‍ അതിനായുള്ള മുന്നൊരുക്കളും മന്ത്രിസഭ ചർച്ച ചെയ്യും. നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. കടകൾ രാത്രി 10 ന് അടയ്ക്കണം. പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെയും നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button