ENTERTAINMENT

ഒടിയൻ റെക്കോർഡൊക്കെ ഇനി പഴങ്കഥ, കളക്ഷനിൽ നമ്പർ വൺ ചിത്രമായി എമ്പുരാൻ; പ്രീ സെയിൽ റിപ്പോർട്ട്

അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ബുക്കിംഗ് ഓപ്പൺ ചെയ്ത് രണ്ട്‌ ദിവസം കഴിയുമ്പോൾ മലയാള സിനിമ ഇന്നുവരെ കാണാത്ത റെക്കോർഡുകളാണ് ചിത്രം തുറന്നുവെക്കുന്നത്. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ റെക്കോർഡ് ഇട്ടിരുന്നു. ഇപ്പോഴിതാ പ്രീ സെയിലിലൂടെ മറ്റൊരു നേട്ടവും സിനിമയെ തേടി എത്തിയിരിക്കുകയാണ്.

റിലീസ് ദിവസം ഒരു മലയാളം സിനിമ കേരളത്തിൽ നിന്ന് നേടുന്ന ആദ്യത്തെ ഡബിൾ ഡിജിറ്റ് കളക്ഷൻ ആണ് എമ്പുരാൻ സ്വന്തം പേരിലാക്കിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 10 കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഒടിയൻ നേടിയ 7.25 എന്ന കളക്ഷനെയാണ് എമ്പുരാൻ മറികടന്നിരിക്കുന്നത്. വിജയ് ചിത്രമായ ലിയോ പ്രീ സെയിലിലൂടെ നേടിയ 8.81 കോടിയെയും എമ്പുരാൻ മറികടന്നു. ഇതോടെ ലിയോയുടെ ആദ്യ ദിവസത്തെ കളക്ഷൻ ആയ 12 കോടിയെ എമ്പുരാൻ പ്രീ സെയിൽ കൊണ്ട് മാത്രം മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിലേക്കാണ് ഈ മോഹൻലാൽ സിനിമയുടെ പോക്ക്.

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

https://chat.whatsapp.com/L6mk7ZAxtoDLgHozYt1ncD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button