KERALA

ഏറ്റുമുട്ടൽ, വെടിയൊച്ച’;വാഹനാപകടത്തിൽ മരിച്ചത് കള്ളക്കടത്ത് സ്വർണം കവരുന്ന സംഘം

കോഴിക്കോട്: രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന സംഘമെന്നു പൊലീസ്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം പിന്തുടർന്നാണ് ഇവർ വിമാനത്താവളത്തിനടുത്തുനിന്നു രാമനാട്ടുകരയിലെത്തിയത്.
എന്നാൽ ഇവർ ലക്ഷ്യമിട്ട 2.33 കിലോ സ്വർണം പുലർച്ചെ വിമാനത്താവളത്തിൽവച്ച് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. രണ്ടു വാഹനങ്ങളിലായി കൊടുവള്ളി സംഘത്തെ പിന്തുടർന്ന ചെർപ്പുളശ്ശേരി സംഘം ഇതറിഞ്ഞതോടെ മടങ്ങി. മടക്കയാത്രയിലാണ് രാമനാട്ടുകരയിൽ വാഹനാപകടമുണ്ടായത്. സംഘം സഞ്ചരിച്ച ഒരു വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഈ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കവർച്ചാശ്രമത്തിന്റെ ചുരുളഴിഞ്ഞത്. ഇവർക്കെതിരെ കവർച്ച ആസൂത്രണം ചെയ്തതിനു കേസെടുത്തു.

വാഹനം പിന്തുടരാൻ ശ്രമിക്കുന്നതിനിടെ രണ്ടു സംഘങ്ങളും തമ്മിൽ കൊണ്ടോട്ടി ഭാഗത്ത് ഏറ്റുമുട്ടിയിരുന്നു. ഈ സമയം വെടിയൊച്ച കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. സംഭവത്തിൽ കസ്റ്റംസ് വിവരം ശേഖരിച്ചു. ഫറോക്ക് സ്റ്റേഷനിലെത്തി ഡപ്യൂട്ടി കമ്മിഷണറിൽനിന്നാണ് വിവരങ്ങൾ തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button