ഗൂഗിൾ ക്രോമിന് എട്ട് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ലോഗോ വരുന്നു. പഴയ ലോഗോയിൽ നിന്ന് കാര്യമായ മാറ്റമൊന്നുമല്ലെങ്കിലും ലളിതമായ ചില മാറ്റങ്ങളോടുകൂടിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. താമസിയാതെ തന്നെ പുതിയ ലോഗോ എല്ലാ ഉപകരണങ്ങളിലും ലഭ്യമാവും.
ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങൾ ഉൾപ്പെടുന്നതാണ് കഴിഞ്ഞ കുറേ കാലമായി ക്രോം ബ്രൗസറിന്റെ ലോഗോ. ഇതിന് മുമ്പ് 2011 ലും, 2014 ലുമാണ് ലോഗോയ്ക്ക് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
ലോഗോയുടെ നിറങ്ങളുടെ കാഠിന്യം അൽപം വർധിപ്പിക്കുകയും ഷാഡോ കുറയ്ക്കുകയും ചെയ്തു. കാര്യമായ മാറ്റമെന്ന് പറയാവുന്നത് ഇതാണ്. ഒറ്റ നോട്ടത്തിൽ പക്ഷെ പഴയ ലോഗോയിൽ നിന്നും കാര്യമായ മാറ്റമെന്ന് പറയാനുമാവില്ല.
ഗൂഗിളിന്റെ ആപ്പുകൾക്കെല്ലാം സമാനമായ നിറങ്ങളിലുള്ള ലോഗോ അവതരിപ്പിച്ചത് അടുത്തിടെയാണ്. മാപ്പ്സ്, ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ, മീറ്റ്, ഹോം, ജിപേ തുടങ്ങി ഗൂഗിളിന്റെ ആപ്പുകൾക്കെല്ലാം ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള ലോഗോയാണുള്ളത്.
എന്നാൽ മാക്ക് ഓഎസ്, വിൻഡോസ്, ക്രോം ഓഎസ് എന്നിവയിൽ പ്രത്യേകം രൂപകൽപനാ തത്വമാണ് ഗൂഗിൾ പിന്തുടരുന്നത്. അതാത് ഓപ്പറേറ്റിങ് സിസ്റ്റത്തിനോടിണങ്ങി നിൽക്കും വിധമാണിത്.
ഐഓഎസിലും, മാക്ക് ഓഎസിലുമുള്ള ക്രോമിന്റെ ബീറ്റാ ആപ്പിന്റെ ലോഗോയിൽ BETA എന്ന് കാണിച്ചുകൊണ്ടുള്ള പുതിയ ലോഗോ ചേർത്തിട്ടുണ്ട്.
പുതിയ ലോഗോ ഉപകരണങ്ങളിലെല്ലാം എത്താൻ ചിലപ്പോൾ മാസങ്ങൾ എടുത്തേക്കും. എന്നാൽ ബീറ്റാ പതിപ്പിൽ അപ്ഡേറ്റ് വേഗമെത്തും.