എടപ്പാളിൽ വയോധികയുടെ 30000 രൂപ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തെന്ന് പരാതി

എടപ്പാൾ: വീടിന്റെ അറ്റകുറ്റപ്പണിക്കായി വർഷങ്ങൾ കാത്തിരുന്ന് ലഭിച്ച 30,000 രൂപ വയോധികയുടെ അക്കൗണ്ടിൽനിന്നു തട്ടിയെടുത്തതായി പരാതി. നടുവട്ടം കമ്പനിപ്പടിയിൽ താമസിക്കുന്ന വള്ളിപ്പറ്റ കുഞ്ഞുകുട്ടിയുടെ (72) പണമാണ് നഷ്ടപ്പെട്ടത്. ബാങ്കിലും പൊലീസിലും പരാതി നൽകിയെങ്കിലും അന്വേഷണം പോലും നടന്നില്ലെന്ന് ഇവർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് നിർമിച്ച വീടിന്റെ പലയിടത്തും ചോർന്നൊലിക്കുകയാണ്. തേപ്പു പണിയും ജനലുകളും വാതിലുകളും വയ്ക്കുന്ന ജോലികളും പൂർത്തിയാക്കാനുണ്ട്. ഇതിനായി പഞ്ചായത്തിൽ നിന്ന് 30,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ പണം ബാങ്കിൽ എത്തിയ കാര്യം ഇവർ അറിഞ്ഞിരുന്നില്ല. ഇതിനിടെ ഇടയ്ക്ക് ബാങ്കിൽ പോയി തൊഴിലുറപ്പ് തൊഴിലിന്റെ തുക വാങ്ങാറുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ തുക ആരോ കൈപ്പറ്റിയതായി ബാങ്ക് അധികൃതർ അറിയിച്ചത്.
കാഴ്ചക്കുറവ് ഉള്ളതിനാൽ കയ്യിൽ മഷി പുരട്ടി ഒപ്പിട്ടാണ് തുക വാങ്ങാറുള്ളത്. ഇത്തരത്തിൽ ഒപ്പിടുവിച്ച് മറ്റാരെങ്കിലും തുക തട്ടിയെടുത്തതായി ഇവർ സംശയിക്കുന്നു. അസുഖ ബാധിതനായ മകൻ വാസുവിന്റെ ചികിത്സയ്ക്കും പണം ആവശ്യമാണ്.
