എടപ്പാളിൽ ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടികളുമായി നിയമ പാലകർ


എടപ്പാൾ: പട്ടാമ്പി റോഡിലും അംശ കച്ചേരിയിലുമാണ് മീൻ കച്ചവടം നടത്തുന്നവരടക്കമുള്ള വഴിയോര കച്ചവടക്കാർ തമ്പടിക്കുന്നത്. പട്ടാമ്പി റോഡിൽ പള്ളിക്ക് മുൻവശം മുതൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം വരെ ഇരുവശത്തും വൈകുന്നേരത്തോടെ ആപ്പയിൽ കച്ചവടം നടത്തുന്നവർ കൈവശപ്പെടുത്തും. വീതി കുറഞ്ഞ റോഡായതിനാൽ പലപ്പോഴും ഈ വാഹനങ്ങൾ റോഡിലേക്ക് കയറ്റിയാണ് നിറുത്തുന്നത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ വാഹനം ഇതിന് സമീപം നിറുത്തുന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്യും. ഏതാനും ദിവസം മുൻമ്പ് എടപ്പാൾ ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസ് ഈ ഗതാഗതം കുരുക്കിൽ കുടുങ്ങിയത് വിവാദമായിരുന്നു. പല പ്രാവശ്യമായി ഉയരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസും മോട്ടോർ വാഹന വകുപ്പും ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. പട്ടാമ്പി റോഡിൽ സന്ദർശനം നടത്തിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ വഴിയോര കച്ചവക്കാർക്ക് നിർദ്ദേശങ്ങൾ നൽകുകയും അപകടകരമായ രീതിയി പാർക്ക് ചെയ്ത് കച്ചവടം നടത്തിയ വാഹനങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസം നിരീക്ഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് നീക്കം.













