എടപ്പാളിലെ ഗ്രാമീണ ന്യായാലയം വീണ്ടും തുറന്നു


എടപ്പാൾ ∙ വർഷങ്ങൾക്ക് മുൻപ് പട്ടാമ്പി റോഡിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് സമീപം ആരംഭിച്ച ഗ്രാമീണ ന്യായാലയം വീണ്ടും തുറന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മജിസ്ട്രേട്ട് ഇവിടെയെത്തി കേസുകൾ കേട്ടിരുന്നത്. എടപ്പാൾ, വട്ടംകുളം, കാലടി പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഇവിടെയെത്തി കേസുകൾ തീർപ്പാക്കാൻ സാധിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സംവിധാനം നിലച്ചു. ഇതോടെ പൊന്നാനി, തിരൂർ കോടതികളിലെത്തി കേസുകൾ നടത്തേണ്ട അവസ്ഥയായി. കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നതിനൊപ്പം.ഈ കോടതികളിൽ കേസുകളുടെ ആധിക്യം മൂലം തീർപ്പാകാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്.ന്യായാലയം വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ എല്ലാ ദിവസവും മജിസ്ട്രേട്ടിന്റെ സേവനം ലഭ്യമാകുന്ന വിധത്തിൽ പ്രവർത്തനം പുനരാരംഭിച്ചത്. ചെറിയ തുകയ്ക്കുള്ള ചെക്ക് കേസുകൾ, അപകട കേസുകൾ, കുടുംബ വഴക്കുകൾ ഉൾപ്പെടെയുള്ളവ ഇവിടെ വാദം കേട്ട് തീർപ്പു കൽപ്പിക്കും.
