പൊന്നാനി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഇന്നുതുടങ്ങും

രാജ്യാന്തരസിനിമകളെ താഴെത്തട്ടിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിന് ശനിയാഴ്ച തിരിതെളിയും. പൊന്നാനി നിള ഹെറിറ്റേജ് മ്യൂസിയത്തിലും വെളിയങ്കോട് എം.ടി.എം. കോളേജിലുമായി ഏഴ് പകലിരവുകളെ ദൃശ്യവിസ്മയത്തിനു സാക്ഷിയാക്കാനാണ് പൊന്നാനി ഒരുങ്ങുന്നത്. മാർച്ച് 20 മുതൽ 26 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ അമ്പതോളം വിദേശ, ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും.
പതിനഞ്ച് രാജ്യങ്ങളിലെ ഇരുപതോളം ഭാഷകളിൽനിന്നുള്ള സിനിമകളാണ് പ്രദർശനത്തിനുണ്ടാവുക. പത്തോളം മലയാളസിനിമകളും വിദേശ, ഇന്ത്യൻ ഭാഷകളിൽ നിന്നായി നാൽപ്പതോളം സിനിമകളും പ്രദർശിപ്പിക്കും. വിദേശ ചലച്ചിത്രപ്രവർത്തകരുൾപ്പെടെയുള്ളവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
ശനിയാഴ്ച അഞ്ചിന് ഉദ്ഘാടനച്ചടങ്ങിൽ സംവിധായകൻ സിബി മലയിൽ തിരിതെളിക്കും.
വാർത്താസമ്മേളനത്തിൽ സംവിധായകൻ സലാം ബാപ്പു, തിരക്കഥാകൃത്ത് റിയാസ് പനമ്പാട്, ഷാജി ഹനീഫ്, സലിം മടത്തിക്കാട്ടിൽ, കലാം എന്നിവർ സംബന്ധിച്ചു.
