ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ നൗഫലിന് ഇനി കൂട്ടിന് ഷഫ്‌നയുണ്ട്

ചൂരല്‍മല: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരിട്ടിവെളുത്തപ്പോള്‍ നൗഫല്‍ അനാഥനായി. ഭൂമിയില്‍ നൗഫലിന്റെ സ്വന്തമെന്നുപറയാന്‍ ആരുമില്ലാതെയായി. ആ ഒറ്റപ്പെടലില്‍നിന്ന് കരകയറാന്‍ സുഹൃത്തുകളും പ്രിയപ്പെട്ടവരും ഒപ്പംനിന്നു. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം അമ്പലവയല്‍ സ്വദേശിയായ ഷഫ്‌നയെ നൗഫല്‍ ജീവിതപങ്കാളിയാക്കി.‘നൗഫലിന്റെ ആലോചനവന്നപ്പോള്‍ ആദ്യം ഒരു അമ്പരപ്പായിരുന്നു. അദ്ദേഹം കടന്നുപോയ വേദനകളെക്കുറിച്ചാണ് ഓര്‍ത്തത്. പിന്നെ എല്ലാം പടച്ചോന്റെ തീരുമാനം. അടുത്തമാസം പുതിയ വീട്ടിലേക്ക് മാറും. ഷഫ്‌ന പറഞ്ഞു. വിശ്വാസപ്രകാരം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആണ്ട്. പ്രാര്‍ഥന നടത്തി. ഈ കാലമത്രയും അറിയുന്നവരും അല്ലാത്തവരുമായ ഒരുപാടുപേര്‍ ഒപ്പംനിന്നു. നൗഫൽ പറഞ്ഞു. കെഎന്‍എമ്മിന്റെ സഹായംകൊണ്ടു തുടങ്ങിയ കട ‘ജൂലായ് 30’ നന്നായി പോകുന്നുണ്ട്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പ്രിയപ്പെട്ടവര്‍ തന്നെയാണ് കടയിലും സഹായികളായുള്ളത്. ഞങ്ങള്‍ എട്ടു കുടുംബങ്ങള്‍ക്ക് ജീവിക്കാനുള്ള വഴിയാണത്. മസ്‌ക്കറ്റ് കെഎംസിസി നല്‍കുന്ന വീട് മുട്ടില്‍പ്പീടികയില്‍ പൂര്‍ത്തിയായി. അടുത്തമാസം താമസം മാറും -നൗഫല്‍ പറഞ്ഞു.
