ഉടുക്കുപാട്ട് കലാകാരൻ ആലങ്കോട് ഗംഗാധരൻ നായർക്ക് ആദരം
ചങ്ങരംകുളം: ഉടുക്കുപാട്ട് രംഗത്ത് 45 ൽ പരം വർഷം ജീവിത സപര്യയായി കൊണ്ടുനടന്ന ആലങ്കോട് ഗംഗാധരൻ നായർക്ക് ആലങ്കോട് വിളക്ക് സംഘത്തിലെ സഹപ്രവർത്തകരുടെയും ശിഷ്യന്മാരുടെയും ആദരം. ഗംഗാധരൻ നായരുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ പൊന്നാട അണിയിക്കുകയും 10001 രൂപ നൽകിയും ആദരിച്ചു.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഗംഗാധരൻ നായർ കലയുടെ രംഗത്ത് നിന്നും മാറി നിൽക്കുകയാണിപ്പോൾ. ഉടുക്കുപാട്ട് മാത്രമല്ല മേളം,തായമ്പക,തിരി ഉഴിച്ചിൽ,പാനപ്പാട്ട്,കനൽച്ചാട്ടം എന്നിവയും മെയ്‌വഴക്കത്തോടെ ചെയ്തിരുന്ന അദ്ദേഹത്തിന് ഇനിയൊരു പകരക്കാരൻ ഇല്ല എന്നതാണ് സത്യം.
സാവിത്രിയമ്മ ഭാര്യയും സന്തോഷ് ആലംകോട്, അജിത് സോപാനം, ആതിര എന്നിവർ മക്കളുമാണ്. സഹപ്രവർത്തകരായ ആലങ്കോട് രാമകൃഷ്ണൻ നായർ, പത്മനാഭൻ നായർ, ശിഷ്യന്മാരായ അരവിന്ദാക്ഷൻ,ഉണ്ണികൃഷ്ണൻ,സുരേഷ്,മണികണ്ഠൻ,അനിൽകുമാർ,ഉണ്ണികൃഷ്ണൻ,ശിവദാസൻ,ബാബു,റെനീഷ്,ശിവദാസൻ,സുജീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.