PUBLIC INFORMATION

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും തമ്മിൽ ധാരണയായി. ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് സേവനം നൽകാൻ സ്പേസ്എക്സിന് അവകാശം നൽകുന്ന ആദ്യ കരാർ ഇന്ത്യയിൽ വച്ച് ഒപ്പിടുമെന്നാണ് വിവരം.എയർടെലിൻ്റെ റീട്ടെയിൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചാവും സ്പേസ്എക്സിൻ്റെ പ്രവർത്തനം. എയർടെലിൻ്റെ ഉപഭോക്താക്കളും ബന്ധങ്ങളുമൊക്കെ സ്റ്റാർലിങ്ക് ഉപയോഗിക്കും. രാജ്യത്തെ ഉൾഗ്രാമങ്ങളിലേക്ക് പോലും സ്റ്റാർലിങ്ക് എത്തിച്ചേരുമെന്നും എയർടെൽ പറഞ്ഞു. “സ്പേസ്എക്സുമായിച്ചേർന്ന് എയർടെൽ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ നൽകുന്നത് നിർണായകമായ ഒരു നാഴികക്കല്ലായി കരുതുന്നു. അടുത്ത തലമുറയിലെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നത്.”- ഭാരതി എയർടെൽ ലിമിറ്റഡിൻ്റെ എംഡിയും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു. “രാജ്യത്തിൻ്റെ ഉൾഗ്രാമങ്ങളിൽ പോലും ഉയർന്ന അതിവേഗതത്തിലുള്ള ബ്രോഡ്ബാൻഡ് കൊണ്ടുവരാനാണ് ഈ സഹകരണം. എല്ലാവർക്കും മികച്ച ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. എയർടെലിൻ്റെ ഉത്പന്നങ്ങളിലൂടെ സ്റ്റാർലിങ്ക് ഇത് കൊണ്ടുവരും. എവിടെ താമസിച്ചാലും ജോലിചെയ്താലും വേഗതയുള്ള ഇൻ്റർനെറ്റ് ഇന്ത്യക്കാർക്ക് ഇതിലൂടെ ലഭിക്കും.”- ഗോപാൽ വിറ്റൽ കൂട്ടിച്ചേർത്തു. എയർടെലുമായിച്ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ വളരെ ആവേശത്തിലാണ്. സ്റ്റാർലിങ്കിലൂടെ ഇന്ത്യക്കാരിലേക്ക് കൊണ്ടുവരാൻ കഴിയുന്ന മാറ്റം വലുതാണ്. സ്റ്റാർലിങ്കിലൂടെ കണക്റ്റ് ചെയ്യുന്നവർ ചെയ്യുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും ഞങ്ങളെ അതിശയിപ്പിച്ചിട്ടുണ്ട്. സ്പേസ്എക്സ് പ്രസിഡൻ്റ് ഗ്വൈൻ ഷോട്ട്‌വെൽ പറഞ്ഞു.

മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ജിയോ ആണ് ഇപ്പോൾ ഇന്ത്യയിലെ ബ്രോഡ്ബാൻഡ് മേഖലയുടെ കുത്തക കയ്യാളുന്നത്. 14 മില്ല്യണിലധികം ബ്രോഡ്ബാൻഡ് വരിക്കാരാണ് റിലയൻസ് ജിയോയ്ക്കുള്ളത്. ജിയോയ്ക്ക് 500 മില്ല്യൺ മൊബൈൽ ഇൻ്റർനെറ്റ് യൂസർമാരും ഉണ്ട്. സ്പെക്ട്രം ലേലത്തിൽ 20 ബില്ല്യൺ ഡോളറിലധികമാണ് ജിയോ ചിലവഴിച്ചത്. ജിയോയെക്കാൾ കുറഞ്ഞ തുകയ്ക്ക് അതിവേഗ ഇൻ്റർനെറ്റ് നൽകാൻ സ്റ്റാർലിങ്കിന് സാധിച്ചാൽ ജിയോയിൽ നിന്ന് ഉപഭോക്താക്കൾ കൊഴിഞ്ഞുപോകുമെന്നുറപ്പാണ്. ഇത് എങ്ങനെ മറികടക്കാമെന്നാവും നിലവിൽ ജിയോയുടെ ആലോചന. അതുകൊണ്ട് തന്നെ സ്റ്റാർലിങ്ക് പ്രവർത്തനം തുടങ്ങുമ്പോൾ പ്ലാനുകളിൽ ജിയോ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button