“ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടി വേണം”

പൊന്നാനി: സ്വകാര്യ മേഖലയിൽ നിന്ന് ഇത്തവണ വിശുദ്ധ ഹജ്ജിന് പുറപ്പെടുന്ന അര ലക്ഷത്തോളം ഇന്ത്യൻ തീർത്ഥാടകരുടെ യാത്രാ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു. പണം അടച്ച് യാത്രാ ദിവസം കാത്തിരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള അമ്പതിനായിരത്തോളം പേരുടെ ഹജ്ജ് യാത്രയാണ് സാങ്കേതികമായി അനിശ്ചിതത്തിലായി തീർന്നിരിക്കുന്നത്.
അതീവ ഗൗരവമുള്ള ഈ സാഹചര്യത്തിന് ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസകരമായ പരിഹാരം കണ്ടെത്തുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.
ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോകുന്നവർക്ക് വേണ്ടി അരങ്ങേറുന്ന സാങ്കേതിക ഹജ്ജ് പഠന സമാപന സംഗമം പൊന്നാനി ഐ എസ് എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഖാസിം കോയ.
കേരള മദ്രസാദ്ധ്യാപകക്ഷേമ ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചീഫ് ട്രൈനർ മുജീബ് മാസ്റ്റർ വടക്കേമണ്ണ ക്ലാസിനു നേതൃത്വം നൽകി. ട്രെയിനർമാരായ മുനീർ. ബശീർ അലിമോൻ, സ്കൂൾ കമ്മറ്റി സെക്രട്ടറി പി വി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
.
