MALAPPURAM

ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ ഐ എം വിജയന് ഡോക്ടറേറ്റ്

മലപ്പുറം: ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ നായകനും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ എം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അര്‍ഹാന്‍ങ്കില്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് വിജയന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ബഹുമതി.  ഈ മാസം 11ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഏറ്റുവാങ്ങി.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ മത്സരത്തിനു ശേഷം ഫുട്ബോള്‍ മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത അനുഭവമാണെന്നും വിജയന്‍ പറഞ്ഞു.

ഇതേ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന സുഹൃത്തുകൂടിയായ ഡോ ജസ്റ്റിനാണ് തന്‍റെ വിവരങ്ങള്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നല്‍കിയതെന്ന് വിജയന്‍ പറഞ്ഞു. 1999ല്‍ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരായ മത്സരത്തില്‍ 12ാം സെക്കന്‍ഡില്‍ വിജയന്‍ ഗോളടിച്ചിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഈ കളിമികവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് സര്‍വകലാശാല ഡോക്ടറേറ്റിന് പരിഗണിച്ചതെന്ന് വിജയന്‍ പറഞ്ഞു.

കേരള പൊലീസ് ടീമിലൂടെയാണ് ഐ.എം. വിജയകന്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് എഫ്.സി കൊച്ചിന്‍, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞു. 2000 -2004 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. മലപ്പുറം എം.എസ്.പിയില്‍ സ്ഥാപിക്കുന്ന പൊലീസ് ഫുട്ബാള്‍ അക്കാദമിയുടെ നിയുക്ത ഡയറക്ടര്‍ കൂടിയാണ് വിജയന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button