ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന കിഴിശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ മരണപ്പെട്ടു

ജോലിക്കിടെ ഇടിമിന്നലേറ്റു പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴിശ്ശേരി മേൽമുറി സ്വദേശി മലയൻ സിറാജുദ്ദീൻ (40) മരണപ്പെട്ടു. ഇന്നലെ വൈകീട്ട് കൊണ്ടോട്ടി എക്കാപ്പറമ്പിന് സമീപം കെട്ടിട നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്.
സിറാജുദ്ദീനൊപ്പം ജോലിയിലുണ്ടായിരുന്ന അബ്ദുൾ റഫീഖ് (38) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഇടിമിന്നലേറ്റതിനെ തുടർന്ന് സിറാജുദ്ദീന്റെ നെഞ്ചിൽ പൊള്ളലേൽക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അബ്ദുൾ റഫീഖ് മിന്നലേറ്റതിനെ തുടർന്ന് ഉയരത്തിൽ നിന്ന് താഴെ വീണാണ് പരിക്കേറ്റത്.
ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സിറാജുദ്ദീന് പലതവണ സിപിആർ നൽകി ഹൃദയത്തിന്റെ പ്രവർത്തനം വീണ്ടെടുത്തിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷാപ്രവർത്തനം വിഫലമാവുകയായിരുന്നു. വീഴ്ചയെത്തുടർന്നുള്ള പരിക്കുകളാണ് അബ്ദുൾ റഫീഖിന് അധികവും.
മരണപ്പെട്ട സിറാജുദ്ദീന്റെ മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും ഇന്ന് കിഴിശ്ശേരി ചക്കുംകുളം ജുമാമസ്ജിദിൽ നടക്കും.













