ആലത്തിയൂരിൽ മണൽലോറിയും ബസും കൂട്ടിയിടിച്ചു; 23 പേർക്ക് പരിക്ക്

പുറത്തൂർ : മത്സ്യത്തൊഴിലാളികളുമായി പോകുന്ന ടൂറിസ്റ്റ് ബസിൽ മണൽവാഹനം കൂട്ടിയിടിച്ച് 23 പേർക്ക് പരിക്കേറ്റു. ആലത്തിയൂർ അങ്ങാടിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ മണൽവാഹനത്തിലെ ഡ്രൈവർ പുറത്തൂർ സ്വദേശി ഫായിസിനെ (29) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ചമ്രവട്ടം ഭാഗത്തുനിന്ന് അനധികൃതമായി മണൽ കൊണ്ടുവരുന്ന പിക്കപ്പ് ലോറിയാണ് ബസിലിടിച്ചത്. താനൂരിൽനിന്ന് ചേറ്റുവയിലേക്ക് മീൻ പിടിക്കാൻ പോകുന്ന 40 അംഗ സംഘമായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
മണൽവാഹനത്തിന്റെ അമിതവേഗമായിരുന്നു അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. മണൽവണ്ടിയുടെ നിയന്ത്രണംവിട്ട വരവുകണ്ട് ബസ്ഡ്രൈവർ വാഹനം ഒതുക്കിയതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.
തിരൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
