ആലംകോട് ഇത്തവണ ‘ഗ്രീൻ പ്രോട്ടോകോൾ’ നോമ്പുതുറ

പഞ്ചായത്ത് പരിധിയിലെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽനടത്തുന്ന നോമ്പു തുറകളിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനൊരുങ്ങി ആലംകോട് പഞ്ചായത്ത് .പഞ്ചായത്ത് പ്രസിഡൻ്റ് ഷഹീർ K V വിളിച്ചുചേർത്ത മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.കൂടാതെ നോമ്പുകാലത്ത് ഏതെങ്കിലും സാഹചര്യത്തിൽ ലഭ്യമാകുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ സംഭരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറുന്നതിനും ധാരണയായി.ഉറവിട മാലിന്യ സംസ്‌കരണ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെകൂടി ഭാഗമായാണ് തീരുമാനം.റംസാൻ മാസത്തിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പുതുറകളിൽ നിരോധിത പ്ലാസ്റ്റിക്കുകൾ, ഡിസ്‌പോസിബിൾ ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് നിർദേശിച്ചു .കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിക്കാനും ധാരണയായി.മറ്റു മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാനും ധാരണയായി.യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സുധൻ , വികസന കാര്യ ചെയർ പേഴ്സൺ C K പ്രകാശൻ ,വാർഡ് മെമ്പർ അബ്ദുൽ സലാം ,IRTC കോർഡിനേറ്റർ ദീപക്,വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
