MALAPPURAM
താനൂര്‍ ബോട്ടപകടം: മാനസിക പിന്തുണയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്


മന്ത്രിയുടെ നേതൃത്വത്തില്‍ താനൂരില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക യോഗം ചേര്‍ന്നു. ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചെളിയുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
ഇന്നലെ രാത്രിയില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏകോപനത്തിനായി ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറെ ഇന്നലെ തന്നെ നിയോഗിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. രാത്രിയില്‍ തന്നെ യാത്ര ചെയ്ത് അതിരാവിലെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ച് രാവിലെ 9 മണിക്ക് മുമ്പായി പോസ്റ്റുമോര്‍ട്ടം നടത്താനായി. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായകരമായെന്നും മന്ത്രി പറഞ്ഞു.













