KERALA

ആംബുലൻസുകൾക്ക് കടിഞ്ഞാണിടാൻ മോട്ടർ വാഹനവകുപ്പ്; റജിസ്ട്രേഷൻ നിർബന്ധമാക്കി.

തിരുവനന്തപുരം ആംബുലൻസുകളെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടർ വാഹനവകുപ്പ്. റജിസ്ട്രേഷൻ നിർബന്ധമാക്കി പ്രവർത്തനം കേന്ദ്രീകൃത കൺട്രോൾ റൂമിന്റെ കീഴിലാക്കാനാണ് തീരുമാനം. യാത്രാ നിരക്ക് നിശ്ചയിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ഡ്രൈവർമാർക്ക് യോഗ്യത നിർണയിക്കാനും ആലോചനയുണ്ട്. അപകടങ്ങളും ജീവനക്കാർക്കെതിരായ കേസുകളും വർധിച്ചതോടെയാണ് പുതിയ ചട്ടം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ മോട്ടർ വാഹനവകുപ്പ്തീരുമാനിച്ചത്.
ആംബുലൻസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് എതിരായ പരാതിയും കേസും വർധിക്കാൻ കാരണം പ്രത്യേക നിയന്ത്രണമില്ലാത്തതും ക്രിമിനൽ പശ്ചാത്തലമുള്ളവർ കടന്ന് കൂടുന്നതുമാണെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളെയും കേന്ദ്രീകൃത കൺട്രോൾ റൂമിന് കീഴിലാക്കും. റജിസ്ട്രേഷൻ നിർബന്ധമാക്കി പ്രത്യേക നമ്പറും നൽകും.

റജിസ്റ്റർ ചെയ്യുന്ന ആംബുലൻസുകളുടെ യാത്ര പ്രത്യേക ആപ്ലിക്കേഷൻ വഴി നിരീക്ഷിക്കും. ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് ഏത് നിമിഷവും കൺട്രോൾ റൂമിൽ വിളിക്കാം. അതിനായി ഹെൽപ് ലൈൻ നമ്പർ ഒരുക്കും. ആംബുലൻസുകളിലുള്ള സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നാലായി തിരിച്ച് കളർകോഡ് കൊണ്ടുവരും. ഇതോടെ വിവിധ സംഘടനകളുടെ പേരും ലോഗോയുമെല്ലാം വച്ചുള്ള യാത്രയ്ക്ക് വിലക്ക് വീഴും.
വേഗം മണിക്കൂറിൽ 80 മുതൽ 130 കിലോമീറ്റർ വരെയെന്നായി നിയന്ത്രിക്കാനും ആലോചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തോന്നുംപടി നിരക്ക് ഈടാക്കുന്നതിനും കുരുക്ക് വീഴും. നിരക്ക് പഠിക്കാനായി പ്രത്യേക സമിതിയെ നിശ്ചയിച്ച് ഏകീകരിക്കും.ഡ്രൈവർമാരെയും ജീവനക്കാരെയും നിയന്ത്രിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഏർപ്പാടാക്കും. ഒപ്പം മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിലെ പ്രത്യേക പരിശീലന സർട്ടിഫിക്കറ്റും നിർബന്ധമാക്കും. മോട്ടർ വാഹനവകുപ്പും ആരോഗ്യവിദഗ്ധരും ആംബുലൻസ് ജീവനക്കാരുടെ സംഘടനയുമായുള്ള പ്രാഥമിക ചർച്ച പൂർത്തിയായി. കരട് റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് സമർപ്പിക്കുന്നതോടെ അന്തിമ രൂപരേഖയായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button