അസൗകര്യങ്ങൾക്ക് നടുവിൽ തവനൂർ സെൻട്രൽ ജയിൽ
എടപ്പാൾ: ഉദ്ഘാടനം കഴിഞ്ഞ് 8 മാസം പിന്നിടുമ്പോഴും തവനൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ട് അടക്കമുള്ളവരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. 706 അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിൽ ഫാർമസി അടക്കമുള്ള സംവിധാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. ജൂൺ 12ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
8 മാസം പിന്നിടുമ്പോൾ ജയിലിലുള്ള തടവുകാരുടെ എണ്ണം 345ൽ എത്തി. മാസംതോറും തടവുകാരുടെ എണ്ണം കൂടിവരികയാണ്. ഉദ്ഘാടന സമയത്ത് സൂപ്രണ്ട് ഉണ്ടായിരുന്നെങ്കിലും ഡിസംബർ 5 മുതൽ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സീനിയർ ജോയിന്റ് സൂപ്രണ്ടിനാണ് ഇപ്പോൾ ചുമതല. മെഡിക്കൽ ഓഫിസറെ നിയമിച്ചെങ്കിലും സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ എന്നിവരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഫാർമസി ഇല്ലാത്തതിനാൽ മരുന്ന് പുറത്തുനിന്ന് വാങ്ങണം. അസി. സൂപ്രണ്ട് ഗ്രേഡ് (1) തസ്തികയിൽ 6 പേർ ആവശ്യമാണ്. ഒരാൾ മാത്രമാണ് ഉള്ളത്. ഗേറ്റ് കീപ്പർ തസ്തിയിൽ ഒരാൾ മാത്രം. 90
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തിക ഉണ്ടെങ്കിലും 62 പേർ ഇല്ല.ഇലക്ട്രിഷ്യൻ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ ഇൻസ്ട്രക്ടർ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല. തവനൂർ ജയിലിന് ഇതുവരെ പുതിയ വാഹനം അനുവദിച്ചിട്ടില്ല. ആംബുലൻസ് സംവിധാനവും കാര്യക്ഷമമല്ല.