EDAPPALLocal newsTHAVANUR

കേരള ഗാന്ധി കെ.കേളപ്പൻ ഓർമയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്

തവനൂർ:വിയോഗത്തിനു അര നൂറ്റാണ്ടു പൂർത്തിയായെങ്കിലും ഓർമയായും ആശയമായും കേരളഗാന്ധി കേളപ്പജിയുടെ സാന്നിധ്യം തവനൂരിലുണ്ട്. ജന്മംകൊണ്ട മൂടാടിയെക്കാൾ കർമമണ്ഡലമായിരുന്ന തവനൂരിനെയായിരുന്നു കെ.കേളപ്പനിഷ്ടം. ഗാന്ധിയൻ ആശയങ്ങളുമായി നിള കടന്നെത്തിയ അധ്യാപകനു തവനൂരും ഹൃദയത്തിൽ ഇടംകൊടുത്തു.

തവനൂരിൽ കേളപ്പജി താമസിച്ചിരുന്ന വീട്.

തവനൂരിലെത്തിയ കേളപ്പജിക്കു ആദ്യം ഇടം നൽകിയതു തവനൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിയാണ്. പൊന്നാനിയിലെ എവി ഹൈസ്കൂളിൽ അധ്യാപകനായാണ് എത്തിയത്. പിന്നീട് ജീവിതത്തിന്റെ കർമഭൂമിയായി തവനൂരിനെ മാറ്റി. 1942ൽ പാപ്പിനിക്കാവ് മൈതാനത്ത് നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തോടെയാണ് കേളപ്പൻ തവനൂരിൽ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശമെത്തിച്ചത്. ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിനും ആത്മശുദ്ധീകരണത്തിനുമായി നിളയോരത്ത് സ്ഥാപിച്ച ശാന്തികുടീരം ഇന്നും ആ പാവന സ്മരണകളുണർത്തുന്നു.

കേളപ്പജി അന്ത്യവിശ്രമം കൊള്ളുന്ന ഭാരതപ്പുഴയോരത്ത് നിർമിച്ച ‘കേരള രാജ്ഘട്ട്’ സമാധി മണ്ഡപം.

അദ്ദേഹം സ്ഥാപിച്ച തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടും പോസ്റ്റ് ബേസിക് സ്കൂളും ഇന്നു കേരളത്തിന്റെ അഭിമാന സ്ഥാപനങ്ങളായി വളർന്നിരിക്കുന്നു. എള്ള് ആട്ടുന്ന ചക്കുപുരയിൽ കേളപ്പജി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ തവനൂർ ഗവ.യുപി സ്കൂൾ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി അദ്ദേഹം സ്ഥാപിച്ച പോസ്റ്റ് ബേസിക് സ്കൂൾ പിന്നീട് വിഎച്ച്എസ്ഇയും ഹയർ സെക്കൻഡറിയുമായി.

അദ്ദേഹം സ്ഥാപിച്ച റൂറൽ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിലെ ഏക കാർഷിക എൻജിനീയറിങ് കോളജായി മാറിയത്. വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾക്കടക്കം നേതൃത്വം നൽകിയ കെ.കേളപ്പൻ തന്റെ അവസാന കാലഘട്ടം ചെലവിട്ടതും തവനൂരിലായിരുന്നു. തവനൂരിലാകണം അന്ത്യവിശ്രമം എന്ന ആഗ്രഹത്തെ തുടർന്നാണ് നിളയോരത്ത് അദ്ദേഹത്തിനായി സമാധിസ്ഥലം ഒരുങ്ങിയത്. ഇനി അത് ‘കേരള രാജ്ഘട്ട്’ എന്ന് അറിയപ്പെടും.

തിരുനാവായ സർവോദയമേള

ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിലെ ത്രിമൂർത്തി സംഗമ സ്ഥാനത്ത് നിമജ്ജനം ചെയ്തതിന്റെ സ്മരണയ്ക്കായി കേളപ്പജിയാണ് തിരുനാവായ സർവോദയമേളയ്ക്ക് തുടക്കമിട്ടത്.1948 ഫെബ്രുവരി 12ന് ആണ് നിമജ്ജന ചടങ്ങ് നടന്നത്. ഗാന്ധിജിയുടെ ചിതാഭസ്മം ഒഴുക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഭാരതപ്പുഴ ഇല്ലായിരുന്നു.

കെപിസിസി പ്രസിഡന്റായിരുന്ന കെ.കേളപ്പന്റെ ആവശ്യത്തെ തുടർന്നാണ് ചിതാഭസ്മത്തിന്റെ ഒരുഭാഗം കേരളത്തിലെത്തിച്ചത്. ആയിരക്കണക്കിനാളുകളുടെ ആ ഒത്തുചേരലിന്റെ ഓർമ പുതുക്കലാണ് ഇന്നും തുടരുന്ന തിരുനാവായ സർവോദയമേള.1889 ഓഗസ്റ്റ് 24ന് കൊയിലാണ്ടിക്ക് അടുത്ത മൂടാടിയിലെ മുചുകുന്ന് ഗ്രാമത്തിൽ ജനിച്ച കേളപ്പൻ 1971 ഒക്ടോബർ 7ന് ആണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭാരതപ്പുഴയോരത്തു സമാധി സ്ഥലമൊരുക്കി.

കേളപ്പജിയുടെ സ്വന്തം വീട്

തവനൂർ കാർഷിക എൻജിനീയറിങ് കോളജ് ക്യാംപസിലുള്ള പഴയ വീട്ടിലായിരുന്നു താമസം. തവനൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ സഹായത്തോടെ ലഭ്യമാക്കിയ 100 ഏക്കർ ഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും സ്വാതന്ത്ര്യസമരങ്ങൾക്കും സത്യഗ്രഹങ്ങൾക്കും നേതൃത്വം നൽകിയതും ഈ വീട്ടിൽ നിന്നായിരുന്നു.

വീട് സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടപടിയായിട്ടില്ല. പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികൾക്കു താമസിച്ചു പഠിക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച കസ്തൂർബാ ബാലികാ സദനം ഇന്നു കാടുമൂടിക്കിടക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button