അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; കേരളത്തില്‍ മൂന്ന് ദിവസം കൂടി കനത്ത മഴ.
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ഈ സാഹചര്യത്തില്‍ ഈ മാസം 17 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില് കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ആറു ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.