അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി എം.ബി രാജേഷ്
തൃത്താല: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പട്ടയ വിതരണത്തില്‍ ജനപ്രതിനിധികള്‍ കൂടി പങ്കാളികളാവുമ്പോള്‍ ലക്ഷ്യം വേഗത്തില്‍ കൈവരിക്കാനാകും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തൃത്താല നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയം ലഭ്യമാക്കേണ്ടവരെ കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. നേരത്തെ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിച്ചിരുന്ന പട്ടയ വിതരണം ഇന്ന് ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാണ് നടക്കുന്നത്. പട്ടയം മിഷന്റെ നേതൃത്വത്തില്‍ പട്ടയ അസംബ്ലി രൂപീകരിച്ചത് അതിന്റെ ഭാഗമാണ്.
മണ്ഡലത്തിലെ നിയമസഭ അംഗം മുതല്‍ മുഴുവന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പട്ടയ അസംബ്ലിയുടെ ഭാഗമാണ്. പട്ടയ വിതരണത്തില്‍ ജനപ്രതിനിധികള്‍ കൂടി ഭാഗമാകുമ്പോള്‍ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ പട്ടയം ഇല്ലാത്തവരായി കണ്ടെത്തിയതില്‍ നാലിലൊന്ന് പേര്‍ക്ക് പട്ടയ വിതരണം നടത്തിക്കഴിഞ്ഞു. ബാക്കി നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ കുന്നത്തേരി കോളനിയിലെ ആളുകള്‍ക്കുള്ള പട്ടയ വിതരണം ഉടന്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തങ്ങളുടെ പ്രദേശത്ത് പട്ടയത്തിന് അര്‍ഹരായവര്‍, ലഭ്യമായ ഭൂമി, കോളനികളിലെ സ്ഥിതി എന്നിവ യോഗത്തില്‍ വിശദീകരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.