അബുദാബി സ്ഫോടനം: മരിച്ചവരിൽ മലയാളിയും
അബുദാബി∙ യുഎഇ തലസ്ഥാനമായ അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയിൽ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും സ്ഫോടനങ്ങളിൽ മലയാളി ഉൾപ്പടെ 3 പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഒരാൾ കൂടി ഇന്ത്യക്കാരനാണ്.
മറ്റൊരാൾ പാക്കിസ്ഥാനിയും. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കർ ജീവനക്കാരാണിവർ. ഇന്ത്യക്കാർ മരിച്ച വിവരം എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരുക്കേറ്റവരിൽ 5 പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ഇതിൽ നിസാര പരുക്കേറ്റ മൂന്നു പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
രണ്ടാഴ്ച മുൻപ് യുഎഇയുടെ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. യെമനിൽ ഹൂതി വിമതർക്കെതിരെ സൗദി അറേബ്യ നേതൃത്വം നൽകുന്ന പോരാട്ടത്തിൽ യുഎഇ പങ്കെടുത്തിരുന്നെങ്കിലും 2019ൽ ഭാഗികമായി പിൻമാറിയിരുന്നു. മുൻപും അബുദാബിയിലും ദുബായിലും ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടിരുന്നെങ്കിലും യുഎഇ അധികൃതർ നിഷേധിച്ചിരുന്നു.