അഗ്നിരക്ഷാസേനയ്ക്ക് പുതിയ വാഹനം.

തിരൂർ ∙ അപകട സ്ഥലങ്ങളിൽ അഗ്നിരക്ഷാസേന ഇനി പുതിയ വാഹനത്തിൽ കുതിച്ചെത്തും. 5000 ലീറ്റർ വെള്ളം നിറയ്ക്കാൻ ശേഷിയുള്ള മൊബൈൽ ടാങ്ക് യൂണിറ്റാണ് അഗ്നിരക്ഷാസേനയ്ക്ക് ലഭിച്ചത്. ഇതോടെ 2 വലിയ ടാങ്കർ യൂണിറ്റുകളും ഒരു ചെറിയ യൂണിറ്റും തിരൂരിനു സ്വന്തമായി. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഒരു മൊബൈൽ വാട്ടർ മിസ്റ്റും ആംബുലൻസും ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഒരു റബർ ഡിങ്കിയും ഇവിടെയുണ്ട്. എന്നാൽ റബർ ഡിങ്കി കൊണ്ടുപോകാനുള്ള വാഹനം ലഭ്യമല്ല.
നിലവിൽ ആംബുലൻസിന്റെ മുകളിൽ കെട്ടിവച്ചാണ് ഇത് രക്ഷാപ്രവർത്തനത്തിനായി കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം പുഴകളിൽ 12 തവണയാണ് രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നത്. ഡിങ്കി കൊണ്ടുപോകാൻ ഒരു ക്വിക് റെസ്പോൺസിബിൾ വെഹിക്കിളാണ് ഇനി ഇവിടെ ആവശ്യമുള്ളത്. ഇന്നലെ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഫയർ ഫൈറ്റിങ് ഡിസ്പ്ലേ നടത്തി.നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ കെ.കെ.സലാം ആധ്യക്ഷ്യം വഹിച്ചു. സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ്കുമാർ, പി.സുനിൽ, കെ.ടി.നൗഫൽ എന്നിവർ പ്രസംഗിച്ചു.
