സ്വർണ വില താഴോട്ട്; ഇന്ന് പവന് പറഞ്ഞത് 400 രൂപ

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് വില കുറയുന്നത്. ഇന്ന് വില കുറഞ്ഞതോടെ ഈ മാസം 18ന് രേഖപ്പെടുത്തിയ വിലയിലേക്ക് സ്വര്‍ണം എത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമായത്.
നാല് ദിവസം മുമ്പ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3430 ഡോളറില്‍ എത്തിയിരുന്നു. ഇന്ന് 3336 ഡോളറിലാണ്. ഇത്രയും കുറഞ്ഞതിനാലാണ് കേരളത്തിലും വില താഴ്ന്ന് വരുന്നത്. ഡോളര്‍ കരുത്ത് കാര്യമായി കൂടിയിട്ടില്ല. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുക കൂടി ചെയ്താല്‍ സ്വര്‍ണവില ഇനിയും കുറയും. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയിലും കാര്യമായ മാറ്റമില്ല.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞ് 73280 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 9160 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7515 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5855 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3775 രൂപയായി. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയും കൂടിയത് 75040 രൂപയുമായിരുന്നു. ഈ വിലയില്‍ നിന്ന് 1760 രൂപയുടെ കുറവ് ഇന്നുണ്ട്.
