ചന്ദ്രയാന്റെ കുതിപ്പിന് ഊർജം പകർന്ന് തിരുവാലിക്കാരനും


വണ്ടൂർ ∙ ചന്ദ്രയാൻ -3 വിക്ഷേപണ സംവിധാനമൊരുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച മലയാളി സംഘത്തിൽ തിരുവാലി സ്വദേശി വി.വിനേഷും (40). ഐഎസ്ആർഒയുടെ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലെ (വിഎസ്എസ്സി) സീനിയർ ടെക്നിഷ്യനാണ് വിനേഷ്. വിക്ഷേപണ സംവിധാനത്തിന്റെ മധ്യഭാഗത്തുള്ള എൽവൺ 10 സ്റ്റേജ് ഉപകരണങ്ങൾ യോജിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്ത സംഘത്തിലാണു വിനേഷുള്ളത്. വിഎസ്എസ്സിയിൽ സ്റ്റേജ് തയാറാക്കി ശ്രീഹരിക്കോട്ടയിൽ എത്തിച്ചു കൂട്ടിച്ചേർത്തു ഘടിപ്പിക്കുകയാണു ചെയ്തത്.ചന്ദ്രയാൻ കൗണ്ട്ഡൗൺ തുടങ്ങുന്നതു വരെ സംഘം ഇതിന്റെ ജോലിയിലായിരുന്നു. തിരുവാലി മേലേക്കോഴിപ്പറമ്പ് വെള്ളുവൻ വിജയന്റെയും നളിനിയുടെയും മകനാണ് വിനേഷ്. ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തിരിച്ചിറങ്ങുന്ന റീ യൂസ്ഫുൾ ലോഞ്ച് വെഹിക്കളിന്റെ (ആർഎൽവി) പരീക്ഷണ വിക്ഷേപണ പ്രവൃത്തികളിലും വിനേഷ് ടെക്നിഷ്യനായി ഉണ്ടായിരുന്നു.
ബെംഗളൂരുവിലെ ചിത്രദുർഗയിലാണ് ഇതു വിജയകരമായി നടത്തിയത്. രണ്ടു വർഷമായി ഈ ദൗത്യത്തിനു പിന്നിൽ വിനേഷടങ്ങുന്ന സംഘത്തിന്റെ പ്രവർത്തനമുണ്ട്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന മംഗൾയാൻ പദ്ധതിയുടെ പരീക്ഷണ വാഹന നിർമാണ ദൗത്യത്തിലും വിനേഷടങ്ങുന്ന സംഘമുണ്ട്.
