ENTERTAINMENT

ഏഴ് ഭാഷകളില്‍ എത്താന്‍ മഞ്ജു വാര്യരുടെ ആയിഷ; ചിത്രീകരണം പൂര്‍ത്തിയായി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രമായ ആയിഷയുടെ  ചിത്രീകരണം കോഴിക്കോട് മുക്കത്ത് പൂർത്തിയായി. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നൃത്ത സംവിധാനം പ്രഭുദേവയാണ്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

ക്ലാസ്മേറ്റ്സിലൂടെ ഏറെ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയുടേതാണ് രചന.  ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബ് പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ശബ്ദ സംവിധാനം വൈശാഖ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ. പിആര്‍ഒ എ എസ് ദിനേശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button