ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് കൂത്ത് കൂറയിട്ടു
ചാലിശ്ശേരി: പ്രസിദ്ധമായ ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം മാർച്ച് ഒന്നിന് ഞായറാഴ്ച ആഘോഷിക്കും.ബുധനാഴ്ച രാത്രി കൂത്ത് കൂറയിട്ടത്തോടെ തട്ടകകളിൽ ഉൽസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ പൂരത്തിനായി ക്ഷേത്രത്തിൽ മകര ചൊവ്വയുടെ പിറ്റേ ദിവസം കളരിയിൽ നിന്നുള്ള ആദ്യ പറയും കുംഭം അഞ്ചിന് ബുധനാഴ്ച കുണ്ടൂരിൽ നിന്നുള്ള അവസാന പറക്ക് ശേഷം കുണ്ടൂർ ക്ഷേത്രത്തിൽ നിന്ന് നടചൊല്ലി മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി.ദീപാരാധന ,ചുറ്റുവിളക്ക് ,പറയെടുപ്പ് ,പള്ളിപ്പാന എന്നിവക്ക് ശേഷം ക്ഷേത്ര ഊരാളൻ തത്താണത്ത് മന നാരായണൻനമ്പൂതിരി കൂത്തിന് കൂറയിട്ടു.പതിമൂന്നാം കൂത്തിനാണ് ഇത്തവണ മുലയം പറമ്പത്ത്കാവ് പൂരാഘോഷം നടക്കുക.
ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന, ചുറ്റുവിളക്ക് ,
വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് മാടത്തിൽ തോൽപാവക്കൂത്തും നടക്കും.പൂരംവരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും. പൂര ദിവസം ഉച്ചക്ക് നടപറയും നടക്കും.ബുധനാഴ്ച മുതൽ ആരംഭിച്ച കൂത്ത് പൂര ദിവസത്തോടെ സമാപിക്കും.മാർച്ച് ഒന്നിന് ഞായറാഴ്ചയാണ് പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിലെ സംഗമഭൂമിയായ മുലയംപറമ്പത്ത് കാവിലെ പൂരം നടക്കുക.ഫെബ്രുവരി 28 ന് ശനിയാഴ്ച വൈകീട്ട് മുതൽ പ്രസിദ്ധമായ പൂരവാണിഭവും നടക്കും.പൂര ദിവസം മൂന്ന് ജില്ലകളിൽ നിന്നായി 37 പ്രാദേശീക ആനപൂരങ്ങളിൽ നിന്നായി 44 ഗജവീരന്മാർ കൂട്ടി എഴുന്നെള്ളിപ്പിൽ പങ്കെടുക്കും.