KERALA

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും; ഹയര്‍സെക്കന്‍ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 29ന് തന്നെ; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിന്റെ സഹകരണം തേടാം. അധ്യാപകര്‍ നിരന്തരമായി കുട്ടികളുമായി ആശയവിനിമയം നടത്തുകയും റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുകയും വേണം.

ഡിഇഒ, എഇഒ തലത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് മിസ്ട്രസുമാര്‍, ഹെഡ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ് പിടിഎ യോഗം വിളിച്ചുചേര്‍ക്കണം. ഓണ്‍ലൈന്‍ ക്ലാസ്, കൊവിഡ് എന്നിവയുടെ സ്‌കൂളുകളിലെ സാഹചര്യം യോഗം വിലയിരുത്തണം. സ്‌കൂളുകളുടെ സാഹചര്യമനുസരിച്ച് ഫൈനല്‍ പരീക്ഷകള്‍ക്ക് മുന്‍പായി മോഡല്‍ എക്‌സാം നടത്തണം. വാക്‌സിനേഷന്‍ റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടറെ നിരന്തരമായി അറിയിച്ചുകൊണ്ടിരിക്കണം.

10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കും. പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാറ്റമുണ്ടാകും. ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരീക്ഷകളില്‍ എഴുത്തുപരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുക. ടൈംടേബിള്‍ സ്‌കൂള്‍ അധികൃതര്‍ പ്രസിദ്ധപ്പെടുത്തണം. ജനുവരി 25 വരെ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 60.99 ശതമാനം ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 66.24ശതമാനവും ഹൈസ്‌കൂളില്‍ 80 ശതമാനം കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്. മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button