അര്‍ദ്ധ രാത്രി വീടുകയറി ഗുണ്ടാ ആക്രമണം
എടപ്പാള്‍ : ചേകന്നൂര്‍ മുതുമുറ്റത്ത് പാച്ചത്ത് അബൂബക്കര്‍ മാസ്റ്ററുടെ വീട്ടില്‍ രാത്രി വീടുകയറി ഗുണ്ടാ ആക്രമം. നാല് പേര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെ ടുത്തു. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ ആയുധം ഉപയോഗിച്ച് അക്രമിക്കല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, അന്യരുടെ ഭൂമിയില്‍ അതിക്രമിച്ചുകയറല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് മുതുമുറ്റത്ത് മുഹമ്മദ് ബഷീര്‍ വെളിയങ്കോട് സ്വദേശികളായ അസ്‌ലമിന്റേയും മറ്റ് പേരറിയാത്ത രണ്ട് പേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറുകയും സ്ത്രീകളേയും, കുട്ടികളേയും മാരകായുധം വീശി ഭീഷണിപ്പെടുത്തുകയും അബൂബക്കര്‍ മാസ്റ്ററുടെ ആണ്‍കുട്ടികളായ ബാബുവിനേയും സമീറിനേയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. രണ്ടാമത്തെ മകന്‍ സമീറിനെ വെട്ടുകത്തി ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടിക്കൂടിയവര്‍ തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. രാത്രി തന്നെ പൊന്നാനി പോലീസില്‍ അറിയിച്ചതോടെ എസ്.ഐ.യും സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട് പൊന്നാനി പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊന്നാനി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമത്തിന്റെ എല്ലാ ഭാഗങ്ങളും വന്നിട്ടുണ്ട്.