PCWF വിവാഹ സംഗമം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

പൊന്നാനി: “ഒരുമയുടെ തോണിയിറക്കാം… സ്നേഹത്തിൻ തീരമണയാം” എന്ന ശീർഷകത്തിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
വിവാഹ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
രജിസ്ട്രേഷൻ, സാംസ്കാരിക ഘോഷയാത്ര, പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, പ്രതിനിധി സഭ, വനിതാ സംഗമം, സാംസ്കാരിക സദസ്സ്, മാധ്യമ – സാഹിത്യ പുരസ്കാര സമർപ്പണം, പാനൂസ പരിഷ്കരിച്ച പതിപ്പ് വിതരണോദ്ഘാടനം, കലാ പരിപാടികൾ, സംഗീത സന്ധ്യ ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി നടക്കും.
ഡോ: എം പി അബ്ദുസ്സമദ് സമദാനി എം പി വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യും.
വിവാഹ സംഗമത്തിൽ എട്ട് യുവതീ യുവാക്കൾക്ക് മംഗല്യത്തിന് അവസരം നല്‍കുന്നുണ്ട്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പി പി സുനീർ എം പി, തമിഴ്നാട് എംഎല്‍എ ഹസ്സൻ മൗലാന, പി നന്ദകുമാർ എംഎല്‍എ, പി ശ്രീരാമകൃഷ്ണൻ, എം കെ സെക്കീർ, അഡ്വ: ഇ സിന്ധു, ശിവദാസ് ആറ്റുപുറം, കെ ജി ബാബു, ബീന ടീച്ചർ, ഷംസു കല്ലാട്ടയിൽ, എം എ നജീബ്, സുബൈദ സി വി തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പൗര പ്രമുഖർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ സി എസ് പൊന്നാനി, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, ഇ പി രാജീവ്, ഹൈദരലി മാസ്റ്റർ, രാജൻ തലക്കാട്ട്, എസ് ലത ടീച്ചർ എന്നിവർ സംബന്ധിച്ചു.
