ED റൈഡ്; വഖഫ് സംരക്ഷണ സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കൽ – എസ്ഡിപിഐ

മലപ്പുറം: മലപ്പുറത്ത് അന്യായമായി എസ്ഡിപിഐ ഓഫീസ് റെയ്ഡ് ചെയ്തത് രാജ്യവ്യാപകമായി വഖഫ് സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കലാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ED യുടെ അന്യായ റെയ്ഡിൽ പ്രതിഷേധിച്ചു എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഒരു അറിയിപ്പും നൽകാതെയാണ് ED ഓഫീസ് റെയ്ഡ് ചെയ്തിട്ടുള്ളത്. മണിക്കൂറുകൾ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ EDക്ക് സാധിച്ചിട്ടില്ല. രാവിലെ 10.30 ന് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് 2.30 വരെ നീണ്ടു. നേരത്തെ ചോദ്യം ചെയ്തു എങ്ങുമെത്താത്ത കേസിലാണ് ഇപ്പോൾ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത നടപടി ഫാഷിസ്റ്റ് ഭരണകൂടവേട്ടയുടെ തുടർച്ചയാണ്. വിയോജിപ്പുകളെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും ഈ പ്രതിഷേധം തെരുവുകൾ പ്രക്ഷുബ്ധമാക്കുമെന്നും, അത് വഴി ഇത്തരം ഭരണകൂട വേട്ടകളെ ചെറുത്ത് തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, ഇർഷാദ് മൊറയൂർ, പികെ സുജീർ, ഹംസ തലകാപ്പ്, സിപി നസറുദ്ദീൻ, യൂനുസ് വെന്തോടി, അഡ്വ. എഎ റഹീം, അക്ബർ മോങ്ങം എന്നിവർ നേതൃത്വം നൽകി..
