പൊന്നാനിയുടെ പാനൂസ സാംസ്ക്കാരികോത്സവത്തിൻ്റെ പ്രസക്തി ബോധ്യപ്പെടുത്തി മാധ്യമ പ്രവർത്തകൻ എൻ.സിറാജുദ്ദീൻ്റെ കുറിപ്പ് വൈറലാകുന്ന

പൊന്നാനി: പൊന്നാനിയുടെ പാനൂസ സാംസ്ക്കാരികോത്സവത്തിൻ്റെ പ്രസക്തി ബോധ്യപ്പെടുത്തി മാധ്യമ പ്രവർത്തകൻ എൻ.സിറാജുദ്ദീൻ്റെ കുറിപ്പ് വൈറലാകുന്നു.
കുറിപ്പ് വായിക്കാം.????
സംസ്കാരങ്ങളെ വിനിമയം ചെയ്ത പുരാതന തുറമുഖ പട്ടണമാണ് പൊന്നാനി. കാലത്തോടൊപ്പം
കിനാവും കണ്ണീരും പങ്കുവച്ച് കുതിക്കുകയും കിതക്കുകയും ചെയ്ത നാട്. നൂറ്റാണ്ടപ്പുറത്തെ പ്രതാപകാല സ്മരണകൾ അയവിറക്കി കഴിയുകയായിരുന്ന പൊന്നാനി പട്ടണം
കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി തിരിച്ചു വരവിൻ്റെ പാതയിലാണ്.പൊന്നാനിയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ഭൗതിക സാഹചര്യമൊരുക്കുന്നതിനായി നാനാതുറകളിലും ശതകോടികളുടെ വികസന പദ്ധതികൾ യാഥാർത്ഥ്യമാവുകയോ, അല്ലെങ്കിൽ വേഗത്തിൽ പുരോഗതി പ്രാപിക്കുകയോ ചെയ്തു വരുന്നു
ഗതാഗത രംഗത്തും വിനോദ സഞ്ചാര മേഖലയിലും വാണിജ്യ രംഗത്തും പൊന്നാനിക്ക് സാധ്യതകൾ തുറന്നു കിട്ടിയ കാലമാണിത്. അത്രയും സാധ്യതകളെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഈ നാടിൻ്റെ തനിമയും സവിശേഷതയും പൈതൃകവും പാരമ്പര്യവും എല്ലാം ചുരുങ്ങിയത് ആഭ്യന്തര ടൂറിസവുമായിട്ടെങ്കിലും ബന്ധപ്പെടുത്താനും വികസിപ്പിക്കാനും നമുക്ക് കഴിയണം.
അത്തരത്തിലുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് നാനാതുറകളിലുമുള്ള പൊന്നാനിക്കാർ ഒറ്റക്കെട്ടായി പിന്തുണ നൽകുന്നുവെന്നതാണ് വസ്തുത. നഗരസഭ തന്നെ മുൻകൈയെടുത്ത് നടത്തിയ പൈതൃകോത്സവം ( കണ്ണപ്പിൽ വാവു വാണിഭത്തോടനുബന്ധിച്ച് ) സാംസ്കാരികോത്സവം, തുടങ്ങിയവക്ക് ലഭിച്ച ജനപിന്തുണയും, നിളയോര പാതയിലും കടപ്പുറത്തും ഹാർബറിലും എല്ലാം ഉണ്ടാകുന്ന ജനത്തിരക്കും ഇവക്ക് ഉദാഹരണങ്ങളാണ്. സമാന്തരമായി തന്നെ ബിയ്യം കായലോരത്തും ടൂറിസം പച്ച പിടിച്ചിട്ടുണ്ട്. ആ കൂട്ടത്തിലാണ് പൊന്നാനി നഗരസഭയുടെ പാനൂസ പരിഗണിക്കപ്പെടേണ്ടത്. പൊന്നാനിയുടെ തനിമകളെ വീണ്ടെടുത്ത് പ്രദർശിപ്പിക്കുന്ന പെരുന്നാളിനോടനുബന്ധിച്ചുള്ള പരിപാടിയെ സമാനമായും സമാന്തരമായും നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി വേണം വിലയിരുത്താൻ.
കതീന വെടികളും മാപ്പിള കലകളും മൈലാഞ്ചിയുത്സവവും വർണാഭമായ അങ്ങാടിയെ മത്തു പിടിപ്പിച്ചിരിക്കുന്നു. ജനം മാറാത്ത ജെ എം റോഡിൽ പുരുഷാരമൊഴുകുന്നു.
ഇസ്ലാമിക ആത്മീയകേന്ദ്രത്തിന്റെയും അറബികളുമായുള്ള കച്ചവടബന്ധത്തിന്റെയും ബ്രിട്ടീഷ് ആധിപത്യത്തിന്റെയും പോരാട്ടത്തിന്റെയും കവികളുടെയും എഴുത്തുകാരുടെയും വിപ്ലവകാരികളുടെയും ഭൂമികയായ പൊന്നാനിയില് പെരുന്നാള് ഒത്തുചേരലിൻ്റെയും പങ്കുവെക്കലിൻ്റെയും സംഗീതം പകരുന്നത് ബഹുവർണങ്ങളാൽ സുന്ദരമായ ആ പഴയ പാനൂസ വിളക്കുകൾ തെളിയിച്ചു കൊണ്ടാണ്. കാരണവൻമാരുടെ ഓർമ്മകളെ പുനരാവിഷ്കരിക്കുന്ന മാന്ത്രികതയാണ് ഇന്ന് പൊന്നാനിയുടെ പെരുന്നാൾ രാവ്. അരികു വത്ക്കരിക്കപ്പെട്ട തീരദേശ ജനതയുടെ നിറഞ്ഞ കൈകൊട്ടി ചിരികൾക്ക്, മണ്ണിലും വിണ്ണിലും തഖ്ബീർ മുഴക്കുന്ന ആത്മീയതയുടെ സവിശേഷതകൾക്ക്,
വലിയവനും ചെറിയവനുമില്ലാത്ത സമത്വ സുന്ദര ഉത്സവ രാവുകൾക്ക്
നഗരസഭ പാനൂസ എന്ന് വിളിപ്പേര് നൽകിയിരുക്കുകയാണ്.
കേവലമായ കടമകളും ചുമതലകളും നിർവഹിച്ചു പോരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന നഗരസഭയാണ് പൊന്നാനി. ഒരു നഗരത്തിൻ്റെ സാധ്യതകളെ സാധ്യമായത്ര വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾക്കിടയിലും പഴി പറയുന്ന കുറച്ചു പേരെങ്കിലും ഇവിടുണ്ട്. നുരത്തു മുരച്ച വിരോധ രാഷ്ടീയവും, പഴകി ദ്രവിച്ച മത മൗലിക വാദവുമാണ് പഴിപറച്ചിലുകാരുടെ പ്രേരണകൾക്ക് ആധാരം.
അവരോട് ഒന്നേ പറയാനുള്ളു.
ഈ നാട് രക്ഷപ്പെട്ടോട്ടെ ..
എൻ സിറാജുദ്ധീൻ
