KERALA

‘സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നു’; റേഷൻ വിതരണം മുടങ്ങിയ വിഷയത്തിൽ പഴിചാരി പ്രകാശ് ജാവദേക്കർ


റേഷൻ വിതരണം മുടങ്ങിയത് സംബന്ധിച്ച് കേരള സർക്കാരിനെ പഴിചാരി പ്രകാശ് ജാവദേക്കർ. പഴി കേന്ദ്ര സർക്കാരിന്റെ ചുമലിൽ ചാരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. സർക്കാർ പറഞ്ഞത് എൻഐസി സർവറുകളിലെ സാങ്കേതിക തകരാർ കാരണമാണ് റേഷൻ വിതരണം മുടങ്ങിയത് എന്നാണ്, എന്നാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്നും കേരള സംസ്ഥാന ഡേറ്റ സെന്ററിലും സർവറിലുമാണ് തകരാറെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വീഴ്ച്ച കേന്ദ്രത്തിന് തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

ഡാറ്റ മൈഗ്രേഷനായി പിഡിഎസ് സംവിധാനം ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചത് സംസ്ഥാന സർക്കാർ സ്വന്തം നിലയക്കാണ്. ഇത് കാരണമാണ് റേഷൻ വിതരണം മുടങ്ങിയത്. സംസ്ഥാനം ജനങ്ങളിൽ നിന്ന് വന്ന് വാസ്തവം മറച്ചുവെച്ചുവെന്നും പ്രകാശ് ജാവദേക്കർ ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് റേഷൻ വിതരണം പുനരാരംഭിച്ചു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ്, സംസ്ഥാനത്ത് റേഷൻ വിതരണം സാധാരണ നിലയിലേക്കെത്തുന്നത്. ഇ പോസ് മെഷീൻ പണിമുടക്കിയതോടെ, കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിരുന്നു . സെർവർ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചതോടെ ഇന്ന് മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ റേഷൻ വിതരണം ചെയ്യാനാണ് നിർദേശം. രാവിലെ 8മണി മുതൽ 1മണി വരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം ചെയ്തത്. ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മേയ് മൂന്ന് വരെയാണ് ഇ രീതി തുടരുക. ഇ പോസ് മെഷീൻ വഴിയുള്ള റേഷൻ വിതരണം കൃത്യമായി നിരീക്ഷിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. പ്രശ്‌നങ്ങൾ ഉണ്ടായാൽ അടിയന്തരമായി ഇടപെടും. ഇതിനായി പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
ഏപ്രിൽ മാസത്തെ റേഷൻ, മെയ് അഞ്ച് വരെ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതിനുശേഷമാകും മെയ് മാസത്തെ വിതരണം ആരംഭിക്കുക. അൻപത് ശതമാനത്തിൽ താഴെ കാർഡ് ഉടമകൾ മാത്രമാണ് നിലവിൽ ഏപ്രിൽ മാസത്തെ റേഷൻ കൈപ്പറ്റിയത്. അതേസമയം, റേഷൻ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ഇ പോസ് മുഖേനയുള്ള റേഷൻ വിതരണം നിയന്ത്രിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button