KERALA

കൊവിഡ് മ‌രണങ്ങളിലെ നഷ്ട പരിഹാരം ; സർക്കാർ വക കാലതാമസം തുടരുന്നു

തിരുവനന്തപുരം :സുപ്രിം കോടതി കണ്ണുരുട്ടിയതോടെ നേരിയതോതിൽ ഉണർന്ന് സംസ്ഥാനത്തെ കോവിഡ് മരണ നഷ്ടപരിഹാര വിതരണം. അവധി ദിവസത്തെ പ്രവർത്തനവും പ്രത്യേക ക്യാംപുകളും കൊണ്ട് നഷ്ടപരിഹാരം കിട്ടിയവരുടെ എണ്ണം 548ൽ നിന്ന് 2050 ആയി. അതേസമയം വകുപ്പുകളുടെ ഏകോപനമില്ലായ്മയും, ആരോഗ്യവകുപ്പിൽ രേഖകളിലെ കാലതാമസവും ഇപ്പോഴും തടസ്സമായി നിലനിൽക്കുകയാണ്. 

സുപ്രിം കോടതി വിമർശനത്തിന് പിന്നാലെ അവധിദിവസവും പ്രവർത്തിച്ച് അപേക്ഷകൾ സ്വീകരിക്കുമ്പോൾ 10,777 അപേക്ഷകളിൽ 548 പേർക്ക് മാത്രമായിരുന്നു നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ഇപ്പോൾ അപേക്ഷകളുടെ എണ്ണം 12,726 ആയി ഉയർന്നു. 7774 എണ്ണം അംഗീകരിച്ചു. 2050 പേർക്ക് തുകയും നൽകി. നടപടി ക്രമങ്ങളിൽ 1418 പരാതികളും ഉയർന്നിട്ടുണ്ട്. ക്യാംപുകൾ ഇതേപടി തുടരുമെന്നാണ് റവന്യൂവകുപ്പ് അറിയിക്കുന്നത്. 

അതേസമയം ആരോഗ്യവകുപ്പിൽ നിന്ന് രേഖകൾ ലഭിച്ച്, നഷ്ടപരിഹാരത്തിനായി ലഭിക്കുന്നതിലെ കാലതാമസം അതേപടി തുടരുകയാണ്. മരണം 45,000 ആകാറായിട്ടും ഇതുവരെ നഷ്ടപരിഹാര അപേക്ഷകൾ 12,700 ആയതേ ഉള്ളൂ. നിരവധി പേരാണ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുന്നത്.

ആരോഗ്യവകുപ്പിന് മുന്നിലുള്ള 29,972 അപ്പീൽ അപേക്ഷകളിൽ 11939 എണ്ണത്തിൽ ഇനിയും നടപടി പൂർത്തിയായിട്ടില്ല. ഡെത്ത് ഡിക്ലറേഷൻ ഫോം നടപടി പൂർത്തിയാക്കി ആരോഗ്യവകുപ്പിന് നൽകേണ്ടത് ആശുപത്രികളാണെന്നിരിക്കെ, മെഡിക്കൽ കോളേജുകളിലടക്കം വൻതോതിൽ ഇവ കെട്ടിക്കിടക്കുന്നുവെന്നാണ് ആരോഗ്യവകുപ്പധികൃതർ തന്നെ പറയുന്നത്. തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിന് പകരം, സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വിതരണം ചെയ്യുന്ന ജോലി ചെയ്ത് തീർക്കുന്നത് വലിയ ജോലിഭാരമുണ്ടാക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ പരാതി. തെറ്റായ വിവരങ്ങൾ നൽകി വരുന്ന അപേക്ഷകളാണ് മറ്റൊരു പ്രധാന കാരണം. ഇത് തിരുത്താൻ സംവിധാനമില്ല. ചുരുക്കത്തിൽ മരണം 45,000 കടക്കാനിരിക്കെ, യോജിച്ച പ്രവർത്തനമുണ്ടായില്ലെങ്കിൽ നഷ്ടപരിഹാര വിതരണം ഇനിയും നീളും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button