വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചയെന്നാരോപിച്ച് കൗൺസിലിൽ ബഹളം. പൊന്നാനി നഗരസഭ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് പ്രതിപക്ഷാംഗങ്ങൾ

പൊന്നാനി: പൊന്നാനി നഗരസഭയിൽ 2024-2025 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യേണ്ടിയിരുന്ന വ്യക്തിഗത ആനുകൂലങ്ങൾ വിതരണം ചെയുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് കൗൺസിലിൽ പ്രതിപക്ഷ ഭരണപക്ഷ വാക്പോര്.

ആനുകൂല്യങ്ങൾ സൗകര്യമുള്ളപ്പോൾ വിതരണം ചെയ്യുമെന്ന സ്ഥിരം സമിതി അധ്യക്ഷൻ്റെ വാക്കുകൾ പ്രതിപക്ഷ കൗൺസിലർമാരെ ചൊടിപ്പിച്ചു. ഇതോടെ ഭരണപക്ഷ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ പോർവിളിയുമായി നടുത്തളത്തിലിറങ്ങി. എസ്. സി, മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം, പഠനോപകരണ വിതരണം
വീടുകളുടെ അറ്റകുറ്റപണികൾക്കായി ഓരോ വാർഡിലും ഏഴു പേർക്ക് വീതം അനുവദിച്ച് ധനസഹായ വിതരണം,
നിർധന കുടുംബങ്ങൾക്ക് പുര കെട്ടിമേയാനുള്ള 3000 രൂപ ആനുകൂല്യം എന്നിവ വിതരണം ചെയ്യാത്തത് നഗരസഭയുടെ പിടിപ്പു കേടാണെന്നും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ തുക വിതരണം ചെയ്യാത്തതിനാൽ ഫണ്ട് ലാപ്സാവുന്ന സാഹചര്യമാണെന്നും ആരോപിച്ചാണ് കൗൺസിൽ യോഗം ആരംഭിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി എത്തിയത്. പ്ലക്കാർഡുകൾ കൈയ്യിലേന്തിയ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചെയർമാൻ മറുപടി നൽകുന്നതിനിടെയാണ് സൗകര്യമുള്ളപ്പോൾ ആനുകൂല്യം വിതരണം ചെയ്യുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പറഞ്ഞത്. ഇതോടെ കൗൺസിൽ ബഹളമയമായി. തുടർന്ന് കൗൺസിൽ യോഗം പിരിച്ചു വിട്ടു. പ്രതിഷേധത്തിന് പ്രതിപക്ഷതാവ് ഫർഹാൻ ബിയ്യം, മിനി ജയപ്രകാശ്, ആയിഷ അബ്ദു, ശ്രീകല ചന്ദ്രൻ, ഷബ്ന അസ്മി, റാഷിദ് നാലകത്ത്, ഇസ്മായിൽ കെ എം, പ്രിയങ്ക വേലായുധൻ, എംപി ഷബീറാബി എന്നിവർ നേതൃത്വം നൽകി.

