നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ബൂത്തുകൾ സന്ദർശിച്ചു

നിലമ്പൂർ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നിലമ്പൂരിലെ പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തി.
ഈസ്റ്റ് കൽക്കുളം എംഎംഎംഎൽപി സ്കൂൾ, പുഞ്ചക്കൊല്ലി മോഡൽ പ്രീസ്കൂൾ, വാണിയംപുഴ, പാതാർ തഅലിം സിബിയാൻ മദ്രസ എന്നിവിടങ്ങളിലും ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിലുമാണ് സന്ദർശനം നടത്തിയത്. മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലുള്ള ബൂത്തുകളും സെൻസിറ്റീവ് ബൂത്തുകളുമാണ് നേരിട്ട് സന്ദർശിച്ച് അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തിയത്.
നേരത്തേ 204 ബൂത്തുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 59 ബൂത്തുകൾ കൂടി ചേർത്ത് ഇത്തവണ 263 ബൂത്തുകളാണ് സജ്ജമാക്കുന്നത്. ബൂത്തുകൾ സുസജ്ജമാണെന്നും പട്ടികവർഗവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൃത്യമായ അവബോധമുണ്ടെന്നും രത്തൻ കേൽക്കർ പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എം. സനീറ, നിയോജകമണ്ഡലം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പി. സുരേഷ്, നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു തുടങ്ങിയവരും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പമുണ്ടായിരുന്നു.
ബൂത്ത് ലെവൽ ഓഫീസർമാരുടെ യോഗവും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും നിലമ്പൂരിൽ ബുധനാഴ്ച നടക്കും. തിങ്കളാഴ്ച കളക്ടറുടെ ചേംബറിൽ നടന്ന പ്രാഥമിക യോഗത്തിനുശേഷം സിവിൽ സ്റ്റേഷനിലെ ഇവിഎം-വിവിപാറ്റ് ഡിപ്പോയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉൾപ്പെടെ പോലീസ് ഓഫീസർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ആകെ 2,28,512 വോട്ടർമാർ
