മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർക്കുനേരേ പോലീസ് ലാത്തിവീശിയപ്പോൾ

മലപ്പുറം : വീണാ വിജയനെതിരായ എസ്എഫ്ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുമ്പിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കുനേരേ പോലീസ് ലാത്തിവീശി. പിരിഞ്ഞുപോകാതെ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തുനീക്കി.
മാർച്ച് ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സഫീർജാൻ പാണ്ടിക്കാട്, നാസിൽ പൂവിൽ, ജില്ലാ ഭാരവാഹികളായ അഡ്വ. പ്രജിത്, ഷിജിമോൾ, റാഷിദ് ചോല, എം.ടി. റിയാസ്, വി.പി. ഹഫീഫ, ലന ബർജ, ടി.പി. അസ്ദാഫ്, കെ.പി. റാസിൽ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ്, സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. അറസ്റ്റുചെയ്ത ഹാരിസ് മുതൂർ ഉൾപ്പെടെയുള്ള അഞ്ച് പേരെ പിന്നീട് ജാമ്യത്തിൽവിട്ടു
