കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്.

പൊന്നാനി :കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്.
പുളിക്കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ കട മുറി നൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കം.
അയൽക്കൂട്ടത്തിൻ്റെ അറിവില്ലാതെ മൂന്ന് അംഗങ്ങൾക്ക് മാത്രം കടമുറി അനുവദിച്ചു നൽകാൻ നഗരസഭ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെയാണ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം രംഗത്തെത്തിയത്. ടെണ്ടർ വിളിക്കേണ്ടതിന് പകരം മുൻ കൗൺസിലറുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് സംരംഭം തുടങ്ങനാണ് നിയമവിരുദ്ധമായി ഭരണ സമിതിയും സി.ഡി.എസും ചേർന്ന് തീരുമാനമെടുത്തത്. നഗരസഭയിലെ പതിനെട്ടാം വാർഡിലെ അയൽക്കൂട്ടമായ സ്നേഹതീരം അയൽകൂട്ടത്തിനാണ് കടമുറി അനുവദിച്ചു നൽകിയതായി കഴിഞ്ഞ കൗൺസിൽ യോഗ അജണ്ടയിൽ ഉണ്ടായിരുന്നത്. കടമുറികൾക്കായി ടെണ്ടർ വിളിക്കേണ്ടതിന് പകരം കുടുംബശ്രീക്ക് കടമുറി നൽകണമെന്ന് ഭരണസമിതി തീരുമാനിച്ച് ജില്ല കുടുംബശ്രീ മിഷന് കത്ത് നൽകി. തുടർന്ന് സ്നേഹതീരം അയൽക്കൂട്ടത്തിന് നൽകാനുള്ള തീരുമാനം വന്നപ്പോഴാണ് ഇതേ അയൽക്കൂട്ടത്തിലുള്ളവർ പോലും വിവരമറിഞ്ഞത്. സംരംഭം നൽകാൻ തെരഞ്ഞെടുത്ത ഒരു അയൽകൂട്ടാംഗം മാസങ്ങൾക്ക് മുമ്പ് തന്നെ അയൽകൂട്ടത്തിൽ നിന്നും ഒഴിവായിരുന്നു. അനർഹർക്ക് സംരംഭം തുടങ്ങാനായി നഗരസഭ ഒത്താശ ചെയ്തതിനെതിരെ വിജിലൻസിനും ജില്ല കുടുംബശ്രീ മിഷനും വാർഡ് കൗൺസിലർ പരാതി നൽകി. അതേസമയം പരാതി പരിശോധിക്കാൻ കുടുംബശ്രീ ജില്ല പ്രൊജക്ട് ഓഫീസർക്ക് നഗരസഭ സെക്രട്ടറിയും കത്ത് നൽകി. കുടുംബശ്രീ സംവിധാനങ്ങൾ ബിനാമി ഇടപാടാക്കി മാറ്റുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആരോപിച്ചു
