പെരുമ്പിലാവ്

മലപ്പുറം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു.

2023 ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ ഈ കൊല്ലം പൂർത്തിയാക്കുന്നത്‌. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത്‌ ഇലക്ഷൻ എരുമാറ്റച്ചട്ടം നിലവിലുണ്ടായത്‌ കൊണ്ട്‌ നടന്നില്ല.

കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണു 2023 ൽ നവീകരണം ആരംഭിച്ചത്‌. ആ കൊല്ലം പകുതി പണികൾ തീർക്കുകയുണ്ടായി. കടവല്ലൂർ തറമ്മയിൽ താഴത്ത്‌ നിന്നാരംഭിച്ച്‌ മലപ്പുറം ജില്ലയിലെ കോക്കൂർ വഴി പാലക്കാട്‌ ജില്ല‌യിലെ കൊള്ളഞ്ചേരി വരെ നീളുന്ന തോടിന്റെ ആഴം കൂട്ടുകയും ബണ്ട്‌ വരമ്പ്‌ ബലപ്പെടുത്തുകയുമാണു ഇപ്പോൾ നടക്കുന്നത്‌‌.

ആലങ്കോട് കടവല്ലൂർ പഞ്ചായത്തുകളിലെ മുഴുവൻ നെൽ കർഷകരുടെയും ഏറെ കാലത്തെ ആഗ്രഹമാണിത്‌‌.‌

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ആലംകോട്‌ ഗ്രാമ പഞ്ചായത്തും പത്ത് എച്ച്പി മോട്ടോറും കറന്റും കോക്കൂർ ഇവിടെക്ക്‌ അനുവദിച്ചിരുന്നു. മലപ്പുറം ജില്ലയിലെ തോടിന്റെ ബാക്കി 2 കിലോ മീറ്റർ ഭാഗം നവീകരിക്കാൻ വേണ്ടി ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ എസ്റ്റിമേറ്റ്‌ ഇട്ടെങ്കിലും ഇതുവരെ പദ്ധതി തുടങ്ങിയിട്ടില്ല.

‌മുൻ വർഷം 2 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ്‌ പണികൾ നടന്നത്‌ . ഇത്തവണ ഒരു യന്ത്രമാണുള്ളത്‌. മഴ ശക്തമാകും മുമ്പ്‌ പണികൾ പൂർത്തിയാക്കേണ്ടതുണ്ട്‌.

തോട്‌ നവീകരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ 4 കൊല്ലം മുമ്പ്‌ മേഖലയിലെ കർഷകർ ഒറ്റക്കെട്ടായി തോട്ടിൽ ഒരു പകൽ മുഴുവൻ ഇറങ്ങി നിന്ന് നിരാഹാര നിൽപ്പുസമരം നടത്തിയിരുന്നത്‌ വൻ വാർത്താ പ്രാധാന്യം നേടുകയുണ്ടായി. അന്ന് എം എൽ എമാരായ എ സി മൊയ്തീൻ, പി നന്ദകുമാർ എന്നിവർ മുൻകയ്യേടുത്ത്‌ കൃഷകരുമായി നടത്തിയ ചർച്ചയിൽ തോട്‌ നവീകരണം ഉടൻ ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഫലമില്ലാതെ ഒടുവിൽ കർഷകർക്ക് സ്വയം പിരിവെടുത്ത് ആ കൊല്ലം തോടിന്റെ 490 മീറ്റർ ഭാഗം ആഴം കൂട്ടുകയുണ്ടായി.

30 വർഷമായി തരിശ്‌ കിടന്നിരുന്ന 600 ഏക്കർ മുണ്ടകൻ കൃഷിയാണു മേഖലയിലെ കർഷകർ കഴിഞ്ഞ 6 വർഷമായി കൃഷി ചെയ്തുവരുന്നത്. അതിൽ മൂന്നു വർഷവും വെള്ളം കിട്ടാത്തതുകൊണ്ട് കൃഷി ഭാഗികമായി കരിഞ്ഞുണങ്ങി നഷ്ടത്തിലായി. ഈ ഭാഗത്ത്‌ ജലസേചനത്തിന് ആകെയുള്ള കൊള്ളഞ്ചേരി തോട്‌ മണ്ണ് വന്ന് തൂർന്ന അവസ്ഥയിലായത് കൊണ്ട്‌ ഒതളൂർ ബണ്ടിൽ നിന്ന് വെള്ളം ലഭിക്കുമ്പോൾ സംഭരിക്കാൻ കഴിയാത്തതാണ്‌ കാരണം. ഏഴ് കിലോമീറ്റർ ദൂരം വരുന്ന തോട്‌ ആഴം കൂട്ടാൻ 6 വർഷമായി കർഷകർ ജനപ്രതിനിധികളോടും സർക്കാരിനോടും നിരന്തരം ആവശ്യപ്പെടുന്നുണ്ട്‌.
ഒടുവിൽ ഇപ്പോഴാണു പദ്ധതി ഭാഗികമായെങ്കിലും പ്രാവർത്തിമാകുന്നത്‌.

പദ്ധതി പൂർണ്ണമാകുന്നതോടെ മേഖലയിലെ കർഷിക അഭിവൃദ്ധി മാത്രമല്ല കുടിവെള്ളക്ഷാമത്തിനു കൂടി പരിഹാരമാകും. നവീകരണം കഴിഞ്ഞ മേഖലകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെട്ടത്‌ എടുത്തുപറയേണ്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back to top button