കുടിവെള്ള ടാങ്കിന് സമീപം കാടുമൂടിയ പ്രദേശം കത്തിനശിച്ചു

എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു. ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ 600 മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വെള്ളാരംകുന്ന് കുടിവെള്ള ടാങ്കിന് സമീപത്തെ കാടുമൂടിയ ഒരേക്കര്‍ സ്ഥലത്താണണ് ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ തീ പടര്‍ന്നത്. കാട്ടുപന്നികളുടെ താവളമാണിവിടം. ഇക്കാരണത്താല്‍ പ്രദേശവാസികളാരും തന്നെ പൊലീസിലോ, അഗ്നിശമനസേന വിഭാഗത്തിലോ വിവരമറിയിച്ചില്ല.
വാര്‍ഡ് അംഗം സന്തോഷ് കപ്രാട്ട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ട്രോമാകെയര്‍ ലീഡർ ഹംസ പാലാങ്കരയും സംഘവും നാട്ടുകാരും ചേര്‍ന്ന് വൈകീട്ട് നാലു മണിയോടെ തീ തല്ലിക്കെടുത്തുകയായിരുന്നു. അപ്പോഴേക്കും ഒരേക്കറിലധികം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. വെള്ളാരംകുന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ജി.ഐ ആയതിനാല്‍ വന്‍ നഷ്ടം ഉണ്ടായില്ല. കാലങ്ങളായി കുടിവെള്ള ടാങ്കും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാണ്. ലഹരി ഉപയോഗിക്കാനായി ഇവിടെ എത്തിയ ആളുകളായിരിക്കും തീയിട്ടതിന് പിന്നിലെന്ന് കരുതുന്നു.
