സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ കൂടിയ താപനിലയില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. കൊല്ലം, പാലക്കാട് ജില്ലകളില്‍ കൂടിയ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത.
അതേസമയം നാളെ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെട്ടു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയില്‍ നാളെയും മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ മഴ ആരംഭിച്ചതിനു പിന്നാലെ ഇന്നലെ വരെ സംസ്ഥാനത്ത് 28 ശതമാനം അധിക മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
