കോഴിക്കോട്

ഷഹബാസിന്റെ മരണം; മർദ്ദിച്ച വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്: കേസെടുത്ത് പോലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിൻ്റെ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് ഊമക്കത്ത് ലഭിച്ചത്. ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് കേസ് എടുത്തു.ഷഹബാസിൻ്റെ കൊലപാതകത്തിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കത്ത് ലഭിച്ചത്. കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. ഷഹബാസിന്റെ കൊലപാതകത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരെ കൊലവിളി നടത്തുകയും ചെയ്തുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. പോലീസ് സുരക്ഷയിൽ കോരങ്ങാട്ടെ പരീക്ഷ കേന്ദ്രത്തിൽ ഏതാനും പരീക്ഷ മാത്രമേ എഴുതാൻ പറ്റുകയുളളൂ, എസ്എസ്എൽഎസി പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വന്ന കേസായതിനാൽ അതീവ രഹസ്യമായാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസിൻ്റെ സീൽ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. സീൽ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. അതേസമയം ഷഹബാസിൻ്റെ കൊലപാതകത്തിൽ അക്രമത്തിനും ​ഗൂഢാലോചനയ്ക്കും പ്രേരണ നൽകിയവരെ കൂടി ഉൾപ്പെടുത്തി കേസ് തുടരാനാണ് പോലീസിൻ്റെ നീക്കം.

ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന് പിന്നാലെ നടന്ന വിദ്യാർത്ഥി സംഘർഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. വിദ്യാർത്ഥി സംഘർഷത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഷഹബാസ് മരിക്കുന്നത്. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button